വാഷിങ്ടൺ ഡി.സി: സി.എ.എ ചട്ടങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സെനറ്റർ ബെൻ കാർഡിൻ. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും യു.എസ് സെനറ്റിന്‍റെ വിദേശകാര്യ സമിതി അധ്യക്ഷൻ കൂടിയായ ബെൻ കാർഡിൻ പറഞ്ഞു.
'ഇന്ത്യൻ സർക്കാർ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനമിറക്കിയതിൽ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നു. മുസ്‌ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ പ്രത്യേകിച്ചും. വിശുദ്ധ റമദാൻ മാസത്തിലാണ് നിയമം നടപ്പാക്കുന്നതെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു' -ബെൻ കാർഡിൻ പറഞ്ഞു.
'ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാകുമ്പോൾ തന്നെ, ഇരുരാജ്യങ്ങളുടെയും സഹകരണം മതം പരിഗണിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക എന്ന മൂല്യത്തെ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് ഏറെ പ്രധാനപ്പെട്ടതാണ്' -അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവാണ് പ്രതികരിച്ചത്. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു. വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ൽ തങ്ങൾ പറഞ്ഞതുപോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്‍റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി.
അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്കയുടെ പ്രതികരണം അനാവശ്യവും അനുചിതവും തെറ്റായതുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.