ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം കഴിയുന്നതിനായി 'സ്വയം തട്ടിക്കൊണ്ടുപോകൽ' നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച 27കാരി പിടിയിൽ. യു.എസിൽനിന്ന് എത്തിയ യുവതിയാണ് പണം തീർന്നതിനെത്തുടർന്ന് മാതാപിതാക്കളെ വിളിച്ച് തന്നെ ഒരാൾ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും പണം നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും അറിയിച്ചത്.
മെയ് മൂന്നിന് യുവതി ഇന്ത്യയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ മാതാപിതാക്കൾ ഉടൻ യു.എസ് എംബസിയെ വിവരം അറിയിച്ചു. അവർ നൽകിയ വിവരങ്ങൾ വെച്ച് അന്വേഷിക്കവെയാണ് ഡൽഹി പൊലീസ് യുവതിയുടെ കള്ളക്കഥ വെളിച്ചത്തു കൊണ്ടുവന്നത്.
അമേരിക്കൻ സിറ്റിസൺ സർവീസിലേക്ക് യുവതി ഇ-മെയിൽ അയച്ച ഐ.പി വിലാസങ്ങൾ അവർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, നൈജീരിയയിൽ നിന്നുള്ള 31കാരനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവതി ഡൽഹി നോയിഡയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി.
വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള യുവതി ഫേസ്ബുക്ക് വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും ഇന്ത്യയിലെത്തിയ ശേഷം ഇയാൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വിസയുടെയും യുവാവിന്റെ പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞതായും കണ്ടെത്തി.
മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിന് ഇരുവർക്കുമെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.