അസഭ്യം പറഞ്ഞതി​െൻറ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് ഹൈകോടതി

ചെന്നൈ: അസഭ്യം പറഞ്ഞു​വെന്നത് ഗൗരവമായ കുറ്റമല്ലെന്ന് മദ്രാസ് ഹൈകോടതി. ഇത്, ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമാക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട പുതുച്ചേരി ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് ഫാക്ടറി ജീവനക്കാരൻ എസ്. രാജ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജോലിയിൽനിന്ന് നീക്കുമ്പോൾ കുറ്റത്തിന്റെ ഗൗരവവും ജീവനക്കാരന്റെ നാളിതു​വരെയുള്ള പെരുമാറ്റം എന്നിവ കണക്കിലെടുക്കണമെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് ആർ. കലൈമതി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

തൊഴിലാളി സംഘടന നേതാവ് കൂടിയായ രാജ 2009-ൽ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെ മാനേജരെയും മറ്റൊരു ജീവനക്കാരനെയും അസഭ്യം പറഞ്ഞിരുന്നു. ഇതെ തുടർന്ന്, രാജയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ച ലേബർ കോടതി കമ്പനിയുടെ നടപടി റദ്ദാക്കി. ജോലിയിൽ നിന്നും മാറ്റി നിർത്തിയ കാലത്തെ 50 ശതമാനം വേതനം നൽകാനും ഉത്തരവിട്ടിരിക്കയാണ്.

കമ്പനി സമർപ്പിച്ച അപ്പീൽ പരിഗണിച്ച മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച്, ലേബർ കോടതി ഉത്തരവ് റദ്ദാക്കി. ഇതിനെതിരേ രാജ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജോലി നഷ്ടമായിരുന്ന കാലത്തെ വേതനത്തിന്റെ പകുതി നൽകണമെന്ന ലേബർ കോടതിയുടെ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈകോടതി രാജയെ തിരിച്ചെടുക്കാനുള്ള വിധി ശരിവെച്ചു.

2001ൽ തൊഴിലാളിയ്‌ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചെങ്കിലും ഒരു ദശാബ്ദത്തിന് ശേഷമാണ് ഇപ്പോഴത്തെ സംഭവം നടന്നതെന്നും അതിനാൽ ഇയാൾ പതിവായി ഈ രീതിയിൽ പെരുമാറുന്ന ആളാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Use Of Abusive Language Not Serious Enough To Impose Punishment Of Dismissal From Service: Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.