യു.പിയിലെ മദ്രസ അധ്യാപകരുടെ യോഗ്യത പരിശോധിക്കണം; കത്തയച്ച്​​ യോഗി സർക്കാർ

സര്‍ക്കാർ ഫണ്ട്​ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കാന്‍ യു.പി ഗവൺമെന്‍റ്​ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്.

പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും പരിശോധിക്കണമെന്ന് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ.റീബ ഡിസംബര്‍ ഒന്നിന് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

വിദ്യാര്‍ഥികളില്‍ ശാസ്ത്രീയവും പര്യവേഷണപരവുമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കേണ്ടതിന്റെയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കത്തില്‍ ഊന്നിപ്പറയുന്നു. ഇത് ഉറപ്പാക്കുന്നതിന് മദ്രസകളുടെ നിര്‍മാണം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത എന്നിവയും പരിശോധിച്ചുറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ 30നകം പരിശോധനകള്‍ പൂര്‍ത്തിയാക്കി മദ്രസ എജ്യുക്കേഷൻ ബോര്‍ഡ് രജിസ്ട്രാറിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

25,000-ല്‍ പരം മദ്രസകള്‍ യു.പിയില്‍ പ്രവര്‍ത്തിക്കുന്നതായാണ്​ കണക്ക്​. അവയില്‍ 560 എണ്ണത്തിനാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ മിക്കവയിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. അതുമൂലം വിദ്യാര്‍ഥികള്‍ക്ക് അനുയോജമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തുന്നതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റും അടങ്ങുന്ന സമിതി രൂപവത്കരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 20-ല്‍ പരം മദ്രസകള്‍ ഒരു ജില്ലയില്‍ ഉണ്ടെങ്കില്‍ അധികമായി മറ്റൊരു സമിതി കൂടി രൂപവത്കരിച്ച് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

അതൃപ്തി പ്രകടിപ്പിച്ച്​ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍

ഇത്തരം പരിശോധനകള്‍ ഒരു പതിവ് പ്രക്രിയയായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്വേഷണങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍, ഇത് ഒരു തവണ കൃത്യമായി ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഭാവിയില്‍ മദ്രസകളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അന്വേഷണങ്ങള്‍ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളെ തടസ്സപ്പെടുത്തും. സെപ്റ്റംബറില്‍ ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് യാതൊരു നിര്‍ദേശവും ഉണ്ടായിരുന്നില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്​ തന്നെ അക്കാര്യം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകളില്‍ അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ മദ്രസകളില്‍ ബോര്‍ഡ് പരീക്ഷ നടത്തും. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകാരമുള്ളതും ഇല്ലാത്തതുമായ മദ്രസകളുടെ സര്‍വേ കഴിഞ്ഞ വര്‍ഷം നടത്തിയതാണെന്നും എന്നാല്‍ റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 8000 മദ്രസകള്‍ക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Uttar Pradesh government set to review educational qualifications of teachers in madrassas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.