ഡെറാഡൂൺ: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിക്ക്. ഇന്ന് ഗവർണറെ കണ്ട് രാജി നൽകുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലേറെയും റാവത്തിന്‍റെ പ്രകടനത്തോട് താൽപര്യം കാണിക്കാത്തതാണ് രാജിയിലെത്തിച്ചതെന്നാണ് സൂചന. റാവത്ത് തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ വസതിയിലെത്തി കാണാൻ റാവത്തിന് നിർദേശം ലഭിച്ചിരുന്നു. അതുപ്രകാരം ചർച്ച നടക്കുകയും ചെയ്തതായാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) എന്നിവരുമായി നദ്ദ രണ്ടു റൗണ്ട് കൂടിക്കാഴ്ചക്കു ശേഷമായിരുന്നു റാവത്തുമായി സംഭാഷണം.
നിലവിലെ സർക്കാറിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഒരു പറ്റം നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എൽ.എമാരും റാവത്തിന്‍റെ രീതികളിൽ തൃപ്തരല്ലെന്നാണ് റിപ്പോർട്ട്. ആർ.എസ്.എസും റാവത്തിനൊപ്പമില്ല.
ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പകരക്കാരനായി ധൻ സിങ് റാവത്ത് ആണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക്, അജയ് ഭട്ട്, അനിൽ ബലൂനി എന്നിവരും പട്ടികയിലുണ്ട്. ധൻ സിങ് റാവത്ത് തലസ്ഥാന നഗരമായ ഡെറാഡൂണിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.