ഡെറാഡൂൺ: സംസ്ഥാനത്തെ മദ്റസകൾ ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നും ഉത്തരാഖണ്ഡ് സർക്കാറിന്റെ അന്ത്യശാസനം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത 400 മദ്റസകൾ ഉണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ചന്ദൻ റാം ദാസ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തത് വിദ്യാർഥികൾക്ക് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രയാസമാവുമെന്നും മന്ത്രി പറഞ്ഞു. മദ്റസകൾക്ക് അനുവദിക്കുന്ന ഗ്രാന്റ് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് ആരോപണമുണ്ടെന്നും അതിനാൽ മദ്റസകളുടെ സർവേ ആവശ്യമാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഈയിടെ പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡിൽ മദ്റസ ബോർഡിൽ രജിസ്റ്റർ ചെയ്ത 419 മദ്റസകളാണുള്ളത്. ഇതിൽ 192 മദ്റസകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഗ്രാന്റ് ലഭിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് വഖ്ഫ് ബോർഡ് 103 മദ്റസകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.