സിൽക്യാര (ഉത്തരകാശി): 17 നാളുകൾക്ക് ശേഷം പുറംലോകം കണ്ട 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. തൊഴിലാളികളിൽ ഒരാളാണ് രണ്ട് കിലോമീറ്റർ നീണ്ട തുരങ്കത്തിന്‍റെ ഉൾഭാഗങ്ങൾ ചിത്രീകരിച്ചത്. മാനസിക പ്രയാസത്തിൽ കഴിഞ്ഞ സഹതൊഴിലാളികളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കരുതുന്നവരോട് പ്രതീക്ഷ കൈവിടരുതെന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
നവംബർ 28-ാം തീയതിയാണ് ചരിത്രം കുറിച്ച രക്ഷാദൗത്യത്തിലൂടെ മണ്ണിടിഞ്ഞ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നിന്ന് 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. ഒരാഴ്ചയായി നിർമിച്ചു കൊണ്ടിരിക്കുന്ന കുഴൽപാത ലക്ഷ്യത്തിലെത്തിയതാണ് രക്ഷാദൗത്യം സാധ്യമാക്കിയത്. ചക്രമുള്ള സ്ട്രെച്ചറിലാണ് തൊഴിലാളികളെ പുറത്തേക്കെത്തിച്ചത്.
തൊഴിലാളികളിൽ 15 പേർ ഝാർഖണ്ഡിൽ നിന്നുള്ളവരാണ്. ഒഡിഷ അഞ്ച്, ഉത്തർപ്രദേശ് എട്ട്, ബിഹാർ അഞ്ച്, പശ്ചിമ ബംഗാൾ മൂന്ന്, ഉത്തരാഖണ്ഡ്, അസം രണ്ടു വീതം, ഹിമാചൽപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലെ വിദഗ്ധ പരിശോധനയും വിശ്രമവും പൂർത്തിയാക്കിയ തൊഴിലാളികൾ സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ്. രണ്ടാഴ്ചക്കു ശേഷം അടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്താൻ ‘എയിംസി’ലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.