ന്യൂഡൽഹി: ‘ലവ് ജിഹാദ്’ വിദ്വേഷം പടർത്തി മുസ്ലിംകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഹിന്ദുത്വ തീവ്രവാദ സംഘടനകളിൽനിന്ന് സംരക്ഷണം തേടി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ശദാബ് ശംസ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെ കണ്ടു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡിൽ മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചുവെന്ന് ശദാബ് ശംസ് വ്യക്തമാക്കി. ലക്സറിൽനിന്നുള്ള ബി.എസ്.പി എം.എൽ.എ ഹാജി മുഹമ്മദ് ശഹ്സാദും വഖഫ് ബോർഡ് ചെയർമാനൊപ്പമുണ്ടായിരുന്നു.
ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യില്ലെന്ന് താൻ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായും ശദാബ് ശംസ് പറഞ്ഞു. ഈ മാസം 15നകം കടകൾ ഒഴിഞ്ഞുപോകാൻ ഉത്തരകാശിയിലെ മുസ്ലിം വ്യാപാരികൾക്ക് ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഈ മാസം 18ന് ഡറാഡൂണിൽ മഹാപഞ്ചായത്ത് നടത്താൻ ഇവിടത്തെ ഖാദി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് വഖഫ് ബോർഡ് അധ്യക്ഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പുരോലയിൽനിന്ന് തെഹ്രി ഗഡ്വാൾ, ബാർകോട്ട്, ചിന്യാലിസോർ, നോഗോവ്, ഡാംട്ട, ബർണിഗാഡ്, ശനട്വർ, ഭട്വാരി എന്നിവിടങ്ങളിലേക്കും വിദ്വേഷ പ്രചാരണം പടർന്നിട്ടുണ്ട്.
ഉത്തരകാശിയിലെ പുരോലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മേയ് 26ന് ഉബൈദ് ഖാൻ(24) എന്ന കിടക്ക വിൽപനക്കാരനും, ജിതേന്ദ്ര സൈനി (23) എന്ന മോട്ടോർ സൈക്കിൾ മെക്കാനിക്കും അറസ്റ്റിലായിരുന്നു. കേസിൽ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയർത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികൾ ‘ലവ് ജിഹാദ്’ കേസായി അവതരിപ്പിക്കുകയായിരുന്നു.
തുടർന്ന് തീവ്ര ഹിന്ദുത്വ സംഘടനകളും വ്യാപാരി സംഘടനകളും നാട്ടുകാരിൽ ചിലരും ചേർന്ന് വിദ്വേഷ റാലികൾ സംഘടിപ്പിച്ചു. പുരോല വിട്ടുപോയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇവർ മുസ്ലിംകൾക്ക് മുന്നറിയിപ്പ് നൽകി. ജൂൺ 15ലെ ഹിന്ദു മഹാപഞ്ചായത്തിന് മുമ്പ് കടകൾ കാലിയാക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടെന്ത് സംഭവിക്കുമെന്ന് സമയം പറയുമെന്നും ‘ദേവ്ഭൂമി രക്ഷാ അഭിയാൻ’ എന്ന സംഘടനയുടെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ പുരോല പട്ടണത്തിലെ മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾക്കുമേൽ അന്ത്യശാസന പോസ്റ്റർ പതിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.