ന്യൂഡൽഹി: സുപ്രീംകോടതി കടുത്ത ഡോസിൽ നൽകിയത് ഏറ്റു. വാക്സിൻ സംഭരണം ഏറ്റെടുത്ത്, 18 കഴിഞ്ഞവർക്കെല്ലാം സൗജന്യമായി നൽകാൻ പാകത്തിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പ്രേരകമായത് സംസ്ഥാനങ്ങളുടെ മുറവിളിയേക്കാൾ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ സൃഷ്ടിച്ച നിർബന്ധിതാവസ്ഥയാണ്.
കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ എത്തിയ ദിവസങ്ങളിൽ ഭരണനേൃത്വത്തെ കാണാതായെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. രണ്ടാം തരംഗം മിക്കവാറും അടങ്ങിയെങ്കിലും, ഭരണനേതൃത്വം ടെലിവിഷനിൽ സ്ക്രീനിലെത്തിയത് അതിനുള്ള പരിഹാരമെന്ന നിലയിൽ കൂടിയാണ്.
കോവിഡ് വാക്സിന് രാജ്യത്ത് പല വില ഈടാക്കുന്നതിെൻറ ന്യായം വിവിധ ഹൈകോടതികളാണ് ആദ്യം ചോദ്യംചെയ്തത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും കോടതി തുറന്നുകാട്ടി. ഇതിനു പിന്നാലെയാണ് വാക്സിൻ ക്ഷാമം മുൻനിർത്തി സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. പല വില ഈടാക്കുന്നതിനൊപ്പം, 18 മുതൽ 44 വരെയുള്ളവരിൽനിന്ന് വില ഈടാക്കുന്നതിെൻറ യുക്തിയും കോടതി ചോദ്യം ചെയ്തു. ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് കൈകഴുകുന്നതിനെയും കോടതി വിമർശിച്ചു.
സർക്കാറിെൻറ വാക്സിൻനയത്തിൽ കേന്ദ്രസർക്കാറിനെ കോടതി നിർത്തിപ്പൊരിച്ചപ്പോൾ, സർക്കാർനയത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നായിരുന്നു സർക്കാർ വാദം.
പൗരെൻറ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുേമ്പാൾ കോടതിക്ക് നിശ്ശബ്ദം നോക്കിനിൽക്കാനാവില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ഒാർമിപ്പിച്ചു. വാക്സിൻ സംഭരണത്തിന് ബജറ്റിൽ നീക്കിവെച്ച വിഹിതം എങ്ങനെ ചെലവിട്ടുവെന്ന് കേസ് ഇനി പരിഗണിക്കുേമ്പാൾ സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. വാക്സിൻ നയം സംബന്ധിച്ച സർക്കാർ ഫയലുകളും കോടതിയിൽ ഹാജരാക്കണം. ഇതിനെല്ലാമുള്ള പോംവഴി കൂടിയാണ് പ്രധാനമന്ത്രി നടത്തിയ നയപരമായ തിരുത്തൽ.
കോവിഡ് രണ്ടാം തരംഗവും വാക്സിൻ ക്ഷാമവും സർക്കാറിനെതിരായ അമർഷം ആളിക്കത്തിച്ചു. ബി.ജെ.പിയിൽനിന്നും ആർ.എസ്.എസിൽനിന്നും എതിർപ്പുണ്ടായി. യു.പി തെരഞ്ഞെടുപ്പിലും മറ്റും ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളും തിരുത്തൽ നിർബന്ധിതമാക്കി. അതേസമയം, സംസ്ഥാനങ്ങളുടെ താൽപര്യപ്രകാരമാണ് സംഭരണാവകാശം ആദ്യം വിട്ടുകൊടുത്തതെന്ന ന്യായവാദം മുന്നോട്ടുവെച്ചാണ് തിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.