ബംഗളൂരു: ടെൻ, നയൻ, എയ്റ്റ്, സെവൻ... സീറോ.. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് വിക്ഷേപണങ്ങളിൽ ഇനി എൻ. വളർമതിയുടെ കൗണ്ട് ഡൗൺ ശബ്ദം മുഴങ്ങില്ല. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജരായിരുന്ന വളർമതി (55) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ മരിക്കുകയായിരുന്നു. ജൂലൈ 14ന് ചന്ദ്രയാൻ- മൂന്ന് വിക്ഷേപണത്തിനും ജൂലൈ 30ന് പി.എസ്.എൽ.വി സി 56 ഡി.എസ്- സാർ മിഷനിലും കൗണ്ട് ഡൗണിന് ശബ്ദം നൽകിയത് വളർമതിയായിരുന്നു.
തിരുച്ചിറപ്പള്ളി സ്വദേശിനിയായ വളർമതി 1984ൽ ഐ.എസ്.ആർ.ഒയിലെത്തി. നാലു ദശകത്തോളം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൽ പങ്കാളിയായി. 2012ൽ വിക്ഷേപിച്ച, ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1 ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. 2015ൽ തമിഴ്നാട് സർക്കാറിന്റെ അബ്ദുൽ കലാം അവാർഡ് അംഗീകാരമായെത്തി.
2016ൽ ശ്രീഹരിക്കോട്ടയിലെത്തിയ വളർമതി 29 വിക്ഷേപണ ദൗത്യങ്ങളിൽ ശബ്ദസാന്നിധ്യമായി. ചന്ദ്രയാന്റെ ചരിത്ര കുതിപ്പിൽ പങ്കാളിയായ വളർമതി കുറച്ചു നാളായി അസുഖം കാരണം വിശ്രമത്തിലായിരുന്നു. ചന്ദ്രനിൽ പ്രഗ്യാൻ റോവർ മിഴിയടച്ച സെപ്തംബർ രണ്ടിന് വളർമതിയും ജീവിതത്തിൽനിന്ന് വിടവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.