ന്യൂഡൽഹി: മുസ്ലിംകൾക്കിടയിലെ ബഹുഭാര്യത്വവും ചടങ്ങ് കല്യാണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവടക്കമുള്ളവർ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭരണഘടനബെഞ്ചിന് വിട്ടു. ഹരജിയിലെ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കാൻ ബെഞ്ച് കേന്ദ്ര സർക്കാറിനും കേന്ദ്ര നിയമമന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
ബഹുഭാര്യത്വവും ചടങ്ങ് കല്യാണവും മുസ്ലിംകൾക്ക് അനുവദനീയമാക്കുന്ന മുസ്ലിം വ്യക്തിനിയമത്തിെൻറ രണ്ടാം വകുപ്പ് ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിന് തൊട്ടുപിറകെ മുസ്ലിംകളായ മൂന്ന് പേരുടെ ഹരജികളുമെത്തി. ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പ് പ്രകാരം മുത്തലാഖ് ക്രിമിനൽകുറ്റവും 494ാം വകുപ്പ് പ്രകാരം ബഹുഭാര്യത്വം കുറ്റകരവും 375 വകുപ്പ് പ്രകാരം ചടങ്ങ് കല്യാണം മാനഭംഗവുമാക്കി പ്രഖ്യാപിക്കണമെന്നാണ് ബി.ജെ.പി നേതാവിെൻറ ആവശ്യം.
മൂന്നു തലാഖും ചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കാനായി ചടങ്ങിന് വേണ്ടി മറ്റൊരാൾക്ക് ചുരുങ്ങിയ സമയത്തേക്ക് നിക്കാഹ് ചെയ്തുകൊടുത്ത് ഉടൻ വിവാഹമോചനം ചെയ്യിക്കുന്ന അനാചാരമാണ് ചടങ്ങ് കല്യാണം (നിക്കാഹ് ഹലാല). മുത്തലാഖ് ഇല്ലാതാകുന്നതോടെ അതിെൻറ അനുബന്ധ അനാചാരമായ ചടങ്ങ് കലാണവും ഇല്ലാതാകുമെന്ന് പറഞ്ഞാണ് മുത്തലാഖ് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഭരണഘടനബെഞ്ച് അക്കാര്യം പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാൽ, അതിന് വിരുദ്ധമായ വാദമാണ് മുതിർന്ന അഭിഭാഷകൻ മോഹൻ പരാശരൻ നടത്തിയത്. ബഹുഭാര്യത്വത്തെ മുത്തലാഖിെൻറ ഭാഗമാക്കി അവതരിപ്പിക്കുകയും ചെയ്തു. അത് അംഗീകരിച്ചാണ് വിഷയം ഭരണഘടനബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് ഉത്തരവിറക്കിയത്.
കേന്ദ്ര സർക്കാർ മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ ചെയ്തത് പോലെ മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും അതുമായി ബന്ധപ്പെട്ട ആരുടെയും അഭിപ്രായം തേടാതെയാണ് ബി.ജെ.പി നേതാവും അദ്ദേഹത്തിന് സമാനമായ ആവശ്യം ഉന്നയിച്ചവരും സമർപ്പിച്ച ഹരജികളിലെ നടപടി.
മുത്തലാഖ് നിരോധിച്ച് ഭരണഘടനബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ബഹുഭാര്യത്വത്തെക്കുറിച്ചും ചടങ്ങ് കല്യാണത്തെക്കുറിച്ചും പരാമർശിച്ചിട്ടില്ലെന്ന് ബി.െജ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായക്ക് വേണ്ടി ഹാജരായ പരാശരൻ ബോധിപ്പിച്ചു. അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവ രണ്ടുമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
ബഹുഭാര്യത്വവും ചടങ്ങ് കല്യാണവും ഭരണഘടനവിരുദ്ധമായതിനാൽ നിരോധിക്കണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടതെന്ന് തുടർന്ന് പുറെപ്പടുവിച്ച ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. ബഹുഭാര്യത്വവും ചടങ്ങ് കല്യാണവുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിനെ ബലപ്പെടുത്തുന്ന നിരവധി വാദങ്ങൾ അഭിഭാഷകർ നടത്തിയെന്ന് ഉത്തരവ് തുടർന്നു. ഭരണഘടനക്ക് കീഴിൽ ഇൗ രണ്ട് സമ്പ്രദായങ്ങളും അനുവദിക്കാൻ പറ്റില്ലെന്നും അവർ ബോധിപ്പിച്ചിരിക്കുകയാണ്. മുത്തലാഖ് കേസിൽ വിധി പറഞ്ഞ ഭരണഘടനബെഞ്ച് ഇൗ വിഷയം കൈകാര്യം ചെയ്യാതെ തുറന്നുവെച്ചിരിക്കുകയാണ്. ഇത് ശരിയാണെന്ന് തങ്ങൾക്കും തോന്നുന്നുണ്ടെന്നും വിഷയത്തിെൻറ ഗൗരവം പരിഗണിച്ച് ഭരണഘടനബെഞ്ച് രൂപവത്കരിക്കുന്നതിനായി വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് വിടുകയാണെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു. നിയമ കമീഷന് നോട്ടീസ് അയക്കണമെന്ന ആവശ്യം തള്ളി. ഹരജിയുമായെത്തിയ മുഹ്സിൻ ഖാദിരി, ശമീന ബീഗം, നഫീസ ഖാൻ എന്നിവർക്കായി യഥാക്രമം അഡ്വ. സാജൻ പൂവയ്യ, അഡ്വ. വി. ശേഖർ, അഡ്വ. ഗോപാൽ ശങ്കരനാരായണൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.