ന്യൂഡൽഹി: അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സംഭവത്തിൽ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സഞ്ജയ് ഗാന്ധിയുടെ മകനും ബി.ജെ.പി എം.പിയുമായ വരുൺ ഗാന്ധി. ഒരു ‘പേരിന്’ എതിരായ നീരസത്തിന്റെ പേരിൽ ആളുകളുടെ ജോലി ഇല്ലാതാക്കരുതെന്ന് വരുൺ പറഞ്ഞു. സമഗ്രമായ അന്വേഷണമില്ലാതെ വേഗത്തിലുള്ള സസ്പെൻഷൻ കടുത്ത അനീതിയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം വരുൺ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിയിലെ 450 ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാത്രം വിഷയമല്ല ഇതെന്ന് സമൂഹ മാധ്യമമായ എക്സിൽ വരുൺ ചൂണ്ടിക്കാട്ടി. ചികിത്സക്കായി ദിവസവും നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണ് അടച്ചുപൂട്ടുന്നത്.
സർക്കാറിന്റെ ഈഗോയനുസരിച്ചല്ല, മാനുഷികമായ കാഴ്ചപ്പാടോടെ മാത്രമേ ജനങ്ങളുടെ കഷ്ടപ്പാടുകളോട് നീതി പുലർത്താൻ കഴിയൂ. ആശുപത്രി അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെടുന്ന ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിഡിയോയും വരുൺ ഗാന്ധി പങ്കുവെച്ചു.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ആരോഗ്യ പരിരക്ഷ, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ ചുമതല കൂടിയുള്ള യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് അയച്ച കത്തിൽ വരുൺ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചെയർപേഴ്സനായ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റിനാണ് ആശുപത്രിയുടെ നടത്തിപ്പു ചുമതല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്രസ്റ്റിലുണ്ട്. ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു ശേഷമാണ് ആശുപത്രിക്കെതിരെ നടപടിയുണ്ടായത്. ഔട്ട്-പേഷ്യന്റ് വിഭാഗവും അത്യാഹിത സേവനങ്ങളും പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല. തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.