ജയ്പൂർ: 2020 ൽ സച്ചിൻ പൈലറ്റ് കലാപമുണ്ടാക്കിയപ്പോൾ തന്റെ സർക്കാരിനെ സഹായിച്ചത് മുതിർന്ന ബി.ജെ.പി നേതാക്കളാണെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെ മുൻമുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും. ഗെഹ്ലോട്ടിന്റെ വാദം തന്നെ അപമാനമുണ്ടാക്കുന്നതാണ്. മാത്രമല്ല, ഇത് രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന് വസുന്ധരാ രാജ സിന്ധ്യ ആരോപിച്ചു. കോൺഗ്രസ് എം.എൽ.എമാർക്ക് പണം കൊടുത്ത് സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാ ശ്രമിച്ചെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ഗെഹ്ലോട്ടിന്റെ എം.എൽ.എമാർ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വസുന്ധരാ രാജ ആവശ്യപ്പെട്ടു.
2020 ജൂലൈയിൽ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എം.എൽ.എമാർ അശോക് ഗെഹ്ലോട്ടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെട്ടതോടെയാണ് ഒരുമാസം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. കലാപത്തിനു പിന്നാലെ സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ടു. അന്ന് തന്റെ സർക്കാരിനെ താഴെവീഴാതെ പിടിച്ചുനിർത്താൻ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയും മുൻ സ്പീക്കർ കൈലാഷ് മേഘ്വാളും എം.എൽ.എ ശോഭാറാണി കുശ്വാഹയുമാണ് എന്നാണ് അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇതിനെതിരെയാണ് വസുന്ധര രാജ രംഗത്തുവന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഗജേന്ദ്ര സിങ് ശെഖാവത്തും ധർമേന്ദ്ര പ്രധാനും തന്റെ സർക്കാരിനെ താഴെയിടാൻ ശ്രമിച്ചു. അവർ രാജസ്ഥാനിൽ പണം വിതരണം ചെയ്തു. എന്നാൽ എം.എൽ.എമാരിൽ നിന്ന് അവർ ആ പണം തിരിച്ചുവാങ്ങുന്നില്ല. അതെന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുകയാണ്. പത്തു കോടിയായാലും 20 കോടിയായാലും വാങ്ങിയത് തിരിച്ചുകൊടുക്കണമെന്നാണ് താൻ എം.എൽ.എമാരോട് പറയുന്നത്. അതിലെന്തെങ്കിലും അവർ ചെലവാക്കിയിട്ടുണ്ടെങ്കിൽ ആ തുക താൻ തരാം. അല്ലെങ്കിൽ എ.ഐ.സി.സിയോട് വാങ്ങിത്തരാം. അങ്ങനെയാണെങ്കിലേ ആ എം.എൽ.എമാർക്ക് സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനാവൂ. -എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
വസുന്ധര രാജ സിന്ധ്യയുടെ തട്ടകമായ ധോൽപൂരിലാണ് ഗെഹ്ലോട്ട് ഇക്കാര്യം തുറന്നു പറഞ്ഞത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വസുന്ധര രാജ സിന്ധ്യയുടെയും ബി.ജെ.പിയുടെയും പ്രതിഛായ നഷ്ടപ്പെടുത്തുകയും ഒപ്പം സച്ചിൻ പൈലറ്റിനും അനുയായികൾക്കുമെതിരെ ജനവികാരമുണ്ടാക്കുകയുമായിരുന്നു ഗെഹ്ലോട്ടിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയത്തിൽ ബദ്ധവൈരികളാണെങ്കിലും ഗെഹ്ലോട്ടും വസുന്ധര രാജയും തമ്മിൽ പുലർത്തുന്ന മൃദു സമീപനം പരസ്യമായ രഹസ്യമാണ്. ഗെഹ്ലോട്ട്- സച്ചിൻ പോരിൽ വസുന്ധരയുടെ പരോക്ഷ പിന്തുണ ഗെഹ്ലോട്ടിനുണ്ട് എന്ന ആരോപണം കൂടി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. എന്നാൽ വസുന്ധര ഇതിനെതിരെ രംഗത്തുവന്നതോടെ ഗെഹ്ലോട്ടിന് നിൽക്കക്കള്ളിയില്ലാതായി.
ഗെഹ്ലോട്ട് ഒന്നാംനമ്പർ കള്ളനാണെന്നാണ് ശെഖാവത്ത് ട്വീറ്റ് ചെയ്തത്. ''എം.എൽ.എമാർക്ക് കോടികൾ ലഭിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം കേസ് രജിസ്റ്റർ ചെയ്യാത്തത്? ഇത് കോൺഗ്രസിലെ ആഭ്യന്തര കലഹമാണ്. അതിൽ ഏതു വിധേനയും വിജയിക്കാനുള്ള ശ്രമമാണ് ഗെഹ്ലോട്ട് നടത്തുന്നത്''-എന്നായിരുന്നു ശെഖാവത്തിന്റെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.