ചെന്നൈ: വനംവകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ചന്ദനക്കള്ളക്കടത്തുകാരൻ വീരപ്പന്‍റെ രണ്ടു കൂട്ടാളികളെ 32 വർഷത്തെ തടവുശിക്ഷക്കുശേഷം ജയിൽമോചിതരായി. മേട്ടൂർ സ്വദേശികളായ പെരുമാൾ, ആണ്ടിയപ്പൻ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവരുടെയും മോചനത്തിനുവേണ്ടി വിവിധ മനുഷ്യാവകാശ സംഘടനകൾ തമിഴ്നാട് സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നു.
1987 ജൂലൈയിൽ സത്യമംഗലത്തുനിന്ന് അന്തിയൂരിലേക്കുള്ള യാത്രാമധ്യേ കൊങ്കുരുപാളിയത്ത് ഗുണ്ടേരിപള്ളം അണക്കെട്ടിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ചിദംബരനാഥൻ ഉൾപ്പെടെ മൂന്നു പേരെ വീരപ്പൻ കൊലപ്പെടുത്തി.ഈ കേസിൽ വീരപ്പൻ, സഹോദരൻ മാധയ്യൻ, പെരുമാൾ, ആണ്ടിയപ്പൻ എന്നിവരാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ വീരപ്പനെ ദ്രുതകർമസേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
മറ്റു മൂന്നു പേരും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു. വർഷങ്ങളോളം കോയമ്പത്തൂർ ജയിലിലായിരുന്ന മാതയ്യനെ ഏഴു വർഷം മുമ്പാണ് സേലം സെൻട്രൽ ജയിലിലേക്കു മാറ്റിയത്. പ്രായാധിക്യംമൂലമുണ്ടായ അസുഖങ്ങളെ തുടർന്ന് ഈയിടെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധയ്യൻ മരിച്ചു. ഈ സാഹചര്യത്തിലാണ് മറ്റു രണ്ടുപേരെ ജയിൽ മോചിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.