രാജ്യസഭയിൽ വിതുമ്പി ഉപരാഷ്​ട്രപതി-'ഉറങ്ങാന്‍ കഴിഞ്ഞില്ല, രോഷം വ്യക്​തമാക്കാന്‍ വാക്കുകളില്ല'

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തിനിടെ പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന്​ മോശം പെരുമാറ്റം ഉണ്ടായതിൽ വികാരാധീനനായി ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു. സഭയിലെ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടി. 'ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ എനിക്ക്​ കഴിഞ്ഞില്ല. അതുകൊണ്ട്​ ഉറക്കമില്ലാത്ത രാത്രിയായിരുന്നു എനിക്ക്​. എന്‍റെ രോഷം വ്യക്​തമാക്കാൻ വാക്കുകൾ കിട്ടുന്നില്ല'- വെങ്കയ്യ നായിഡു പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ്​ ചൊവ്വാഴ്​ച പ്രതിപക്ഷ അംഗങ്ങള്‍ കറുത്ത തുണി വീശിയും സെക്രട്ടറി ജനറലിന്‍റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചത്​. സഭയിലെ നടുത്തളവു​ം ഉദ്യോഗസ്​ഥരുടെ മേശയുമൊക്കെ ജനാധിപത്യമെന്ന​ ക്ഷേത്രത്തിന്‍റെ ശ്രീകോവിലുകളാണെന്നും ചില അംഗങ്ങൾ അതിന്‍റെ പവിത്രത നശിപ്പിച്ചെന്നും ഉപരാഷ്​ട്രപതി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ ഇന്നും രാജ്യസഭയുടെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്​ഥ വന്നപ്പോഴാണ്​ അദ്ദേഹം വികാരാധീനനായി പ്രതികരിച്ചത്​.

'വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷത്തെ ചില എം.പിമാരുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം വേദനാജനകമാണ്​. അത്​ ചെയ്യ്​, ഇത്​ ചെയ്യ്​ എന്നൊക്കെ പറഞ്ഞ്​ ഒരു സർക്കാറിനെ നിർബന്ധിക്കാൻ നിങ്ങൾക്ക്​ കഴിയില്ല. ഇന്നലെ ചർച്ച അനുവദിച്ചിരുന്നതിനാൽ ഏത്​ പ്രശ്​നവും ഉയർത്തിക്കൊണ്ടുവരുന്നതിന്​ തടസ്സമില്ലായിരുന്നു. അഭിപ്രായഭിന്നത എല്ലാക്കാര്യത്തിലും ഉണ്ടാകാം. അത്​ ചർച്ച ചെയ്യുകയും വോട്ടിനിടുകയുമാണ്​ വേണ്ടത്​. കഴിഞ്ഞ ദിവസം നടന്ന അനിഷ്​ട സംഭവങ്ങളെ കുറിച്ച്​ ആലോചനയും പരിഹാര നടപടികളുമുണ്ടാകണം. അതിൽ പരാജയപ്പെട്ടാൽ നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യം അപ്രസക്തമാകും' -വെങ്കയ്യ നായിഡു പറഞ്ഞു.

Tags:    
News Summary - Venkaiah Naidu breaks down over ruckus in Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.