ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ സഫർ ആഗ (70) അന്തരിച്ചു. നാഷനൽ ഹെറാൾഡ് എഡിറ്റർ ഇൻ ചീഫാണ്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു വരെ ജോലിയിൽ സജീവമായിരുന്നു.
ലിങ്ക് മാഗസിനിലായിരുന്നു പത്രപ്രവർത്തനം തുടങ്ങിയത്. തെഹൽക മാഗസിന്റെ സ്ഥാപകരിലൊരാളാണ്. 2018ലാണ് നാഷനൽ ഹെറാൾഡ് എഡിറ്റർ ഇൻ ചീഫായി നിയമിതനായത്. ഇതോടൊപ്പം അസോസിയേറ്റഡ് ജേണൽസിന്റെ ഉടമസ്ഥതയിലുള്ള നവ്ജീവൻ, ഖ്വാമി ആവാസ് എന്നിവയുടെ ചുമതലയും വഹിച്ചു.
1979ൽ ഡൽഹിയിൽ ലിങ്ക് മാഗസിനിൽ ചേരുന്നതിന് മുമ്പ് സൂറത്തിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 45 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടെ പാട്രിയറ്റ്, ദി ബിസിനസ് ആൻഡ് പൊളിറ്റിക്കൽ ഒബ്സർവർ, ഇന്ത്യ ടുഡേ, ഇ.ടി.വി, ഇൻക്വിലാബ് ഡെയ്‍ലി എന്നിവയിൽ പ്രവർത്തിച്ചു.
ഡൽഹി പത്രപ്രവർത്തക യൂനിയനിലും സജീവമായിരുന്നു. ഭാര്യ: പരേതയായ സമീന റിസ്‍വി. മകൻ: മൂനിസ് ആഗ. മയ്യിത്ത് വെള്ളിയാഴ്ച വൈകീട്ട് നാലിന് ഡൽഹിയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.