കൊൽക്കത്ത: വിഖ്യാത ബംഗാളി ഗായിക സന്ധ്യ മുഖർജി (സന്ധ്യ മുഖോപാധ്യായ്) അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈയടുത്ത് അവർ പത്മശ്രീ നിരസിച്ച സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു. പശ്ചിമബംഗാളിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബംഗ ബിഭൂഷൺ' ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1970ൽ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടി.എസ്.ഡി. ബർമൻ, നൗഷാദ്, സലിൽ ചൗധരി തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ഹൃദ്രോഗത്തിനുപുറമെ കോവിഡ് ബാധിതയായതും ആരോഗ്യത്തെ ബാധിച്ചിരുന്നു.
1931ൽ നരേന്ദ്രനാഥ് മുഖർജിയുടെയും ഹേംപ്രൊവ ദേവിയുടെയും മകളായി കൊൽക്കത്തയിൽ ജനിച്ച അവർ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ ഉൾപ്പെടെ പ്രമുഖരിൽനിന്നാണ് സംഗീതം അഭ്യസിച്ചത്. ബംഗാളിന്റെ പ്രധാന പിന്നണി ഗായികമാരിൽ ഒരാളാണ്. 50കളിൽ ഹിന്ദി സിനിമകളിൽ പാടി പേരെടുത്തെങ്കിലും പിന്നീട് കൊൽക്കത്തയിലേക്ക് തിരിച്ചെത്തി മാതൃഭാഷ ഗാനങ്ങളിൽ ശ്രദ്ധയൂന്നി.
ബംഗാളി കവി ശ്യാംലാൽ ഗുപ്തയാണ് ഭർത്താവ്. സന്ധ്യ ഹേമന്ദ് കുമാറിനൊപ്പം പാടിയ യുഗ്മഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് അഭയാർഥികൾക്കായുള്ള കലാപരിപാടികളിൽ സജീവമായിരുന്നു. സന്ധ്യയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.