അയോധ്യ: രാമക്ഷേത്ര നിർമാണത്തിൽ അന്തിമ പോരാട്ടം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്ര നിർമാണം വൈകിയാൽ ബി.ജെ.പിക്ക് കേന്ദ്രത്തിൽ രണ്ടാമൂഴം കിട്ടില്ലെന്ന താക്കീതുമായി ശിവസേന. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേത്രനിർമാണ സമ്മർദം മുറുക്കുന്നതുവഴി അയോധ്യ വീണ്ടും വർഗീയ വൈകാരികതയുടെ തടവറയിലായി.
ബി.ജെ.പി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ക്ഷേത്രകാര്യത്തിൽ നിർബന്ധിത നീക്കങ്ങൾക്ക് സമ്മർദംചെലുത്തി ഞായറാഴ്ച അയോധ്യയിൽ വി.എച്ച്.പി ധർമസഭയും ശിവസേന ആരതിയും നടത്തി. പ്രതിബദ്ധത ആർക്കാണ് കൂടുതലെന്ന് തെളിയിക്കാനുള്ള മത്സരമാണ് രണ്ടു കൂട്ടരും അയോധ്യയിൽ നടത്തിയത്. നോട്ടു നിരോധനം കോടതിവിധിയിലൂടെ നടപ്പാക്കിയതല്ലെന്നും മുത്തലാഖ് ഓർഡിനൻസ് ഇറക്കാൻ കഴിഞ്ഞ മോദി സർക്കാറിന് രാമക്ഷേത്ര ഓർഡിനൻസിന് കഴിയണമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര ചർച്ച ഏറ്റെടുത്തു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചതിന് ഉത്തരവാദി കോൺഗ്രസാണെന്ന് രാജസ്ഥാനിലെ ആൽവാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി കുറ്റപ്പെടുത്തി. അയോധ്യയിലെ രണ്ടു പരിപാടികളിലുമായി ഒരു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. തീവ്രചിന്താഗതിക്കാരുടെ അസാധാരണ സമ്മേളനം മുൻനിർത്തി വൻസുരക്ഷ സന്നാഹം ഏർപ്പെടുത്തേണ്ടി വന്നു.
ബാബരി മസ്ജിദ് തകർത്ത ശേഷം 26 വർഷങ്ങൾക്കിടയിൽ ആദ്യമായി നടത്തിയ പരിപാടി പ്രദേശത്തെ ന്യൂനപക്ഷങ്ങൾ ഏറെ ആശങ്കയോടെയാണ് കണ്ടത്. അയോധ്യയിൽ വീണ്ടും ‘ജയ് ശ്രീറാം’ മുഴക്കിയുള്ള ഉന്മാദത്തിെൻറ ദിനമായിരുന്നു ഞായറാഴ്ച. പഹ്ലേ മന്ദിർ, ഫിർ സർക്കാർ (ആദ്യം ക്ഷേത്രം, എന്നിട്ട് സർക്കാർ) എന്ന മുദ്രാവാക്യവുമായി ശിവസേനക്കാർ. ശ്രീരാമജന്മ സ്ഥാനത്ത് ക്ഷേത്രം പണിയുമെന്ന് വി.എച്ച്.പിക്കാർ. അവരുടെ കാവിയിൽ ക്ഷേത്ര നഗരം മുങ്ങി. വലിയ പൊതുസമ്മേളനവും നടന്നു. ധർമസഭ ചൊവ്വാഴ്ചയാണ് സമാപിക്കുക. അന്ന് ഭാവി നടപടി വി.എച്ച്.പി പ്രഖ്യാപിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്ര നിർമാണത്തിനുവേണ്ടി വ്യക്തമായ ചുവടുവെപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റും നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യക്ക് ഞായറാഴ്ച മറ്റൊന്നാണ് പറയാനുണ്ടായിരുന്നത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാലത്തോളം നിർമാണ തീയതി പറയാൻ പറ്റില്ലെന്ന് അദ്ദേഹം വാർത്തലേഖകരോട് വിശദീകരിച്ചു. ആദ്യമായി അയോധ്യയിലെത്തുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് രാമക്ഷേത്ര നിർമാണത്തിൽ ഒരു റോളുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമസഭയിൽ കത്തിയും മുളവടിയും
അയോധ്യ: വിശ്വഹിന്ദു പരിഷത്ത് അയോധ്യയിൽ നടത്തിയ ധർമ സഭയിൽ പങ്കെടുക്കാൻ ചില യുവാക്കൾ എത്തിയത് കത്തിയുമായി. സിഖുകാരുടെ കൃപാൺ പോലെ കത്തി പ്രദർശിപ്പിച്ചാണ് അവർ റോഡിലൂടെ നടന്നതെങ്കിലും പൊലീസ് ഇടപെട്ടില്ല. മറ്റു ചിലരുടെ പക്കൽ വാളും മുളവടിയും ഉണ്ടായിരുന്നു.
സംഘർഷ ഭരിതമായിരുന്നു അയോധ്യ. എന്നാൽ, ഉച്ചതിരിഞ്ഞ് അന്തരീക്ഷത്തിന് അയവുവന്നു. ലക്ഷത്തോളം വരുന്ന സംഘ്പരിവാറുകാർ സമാധാനപരമായി പിരിഞ്ഞു. അതേ സമയം, അയോധ്യയിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിലായിരുന്നു. പ്രത്യേക പൊലീസ് സംരക്ഷണം ഉണ്ടെന്ന് അധികൃതർ പറഞ്ഞെങ്കിലും, വി.എച്ച്.പിയുടെ ഉന്മാദം മുൻനിർത്തി സ്ഥലത്തുനിന്ന് മാറിനിന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.