ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിലിഗുരി പാർക്കിൽ സിംഹങ്ങളുടെ പേരുകളെ മതവുമായി കൂട്ടിച്ചേർത്ത് വിവാദമുയർത്തിയ പ്രാദേശിക നേതൃത്വത്തെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ദേശീയ നേതൃത്വം. പശ്ചിമ ബംഗാൾ പ്രീണന രാഷ്ട്രീയത്തിന്‍റെ കേന്ദ്രമായെന്ന് ദേശീയ വക്താവ് വിനോദ് ബെൻസൽ ആരോപിച്ചു.
ബംഗാളിൽ ഉത്സവങ്ങൾ സംഘടിപ്പിക്കാനും വിശ്വാസം സംരക്ഷിക്കാനും ഹൈകോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഹിന്ദു സമൂഹം. ഹിന്ദുക്കളെ അപമാനിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അക്ബർ, സീത എന്ന് സിംഹങ്ങൾക്ക് പേര് നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വിനോദ് ബെൻസൽ ആവശ്യപ്പെട്ടു.
അക്ബർ സിംഹത്തെ സീത എന്ന പെൺ സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായാണ് വി.എച്ച്.പി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കൂടാതെ, സിലിഗുരിയിലെ സഫാരി പാർക്കിൽ സിംഹ ജോഡികളെ ഒരുമിച്ച് താമസിപ്പിക്കാൻ ബംഗാൾ വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി ബംഗാൾ ഘടകം കൊൽക്കത്ത ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്തു.
ബംഗാൾ വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും മുസ് ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാർ പറയുന്നു. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹരജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റി.
അതേസമയം, ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച സിംഹ ജോഡികളാണെന്നും പേരുകൾ അവക്ക് നേരത്തെ നൽകിയിരുന്നതാണെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ബംഗാളിലെ സിലിഗുരി പാർക്കിൽ സിംഹങ്ങളെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.