പെൺകുട്ടികൾക്ക് ആയുധ പരിശീലനം നൽകി വി.എച്ച്.പി; പഠിപ്പിച്ചത് തോക്കും ചുരികയും ഉപയോഗിക്കാൻ

ജയ്പൂർ: രാജസ്ഥാനിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തോക്ക് മുതൽ ചുരിക വരെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പെൺകുട്ടികൾക്ക് പരസ്യമായി ആയുധ പരിശീലനം. ജോധ്പൂരിലാണ് വി.എച്ച്.പിയുടെയും വനിതാ വിഭാഗമായ ദുർഗവാഹിനിയുടെയും നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടുനിന്ന പരിശീലനം നടന്നത്. ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തിലായിരുന്നു ഏഴു ദിവസത്തെ പരിപാടി നടന്നത്.

പരിശീലനത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമമായ 'എ.ബി.പി ലൈവ്' ആണ് പുറത്തുവിട്ടത്. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകളിലും പരിശീലനമുണ്ടായിരുന്നു. 200ലേറെ പെൺകുട്ടികൾ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനമാണ് നൽകുന്നതെന്ന് ദുർഗവാഹിനി പ്രാന്ത് സേവക് സൻയോജക കുസും ധവാനി പറഞ്ഞു. ആത്മസുരക്ഷയ്‌ക്കൊപ്പം ബൗദ്ധികവും മാനസികവുമായ ശാരീരിക വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാന്ത വിഭാഗത്തിൽനിന്നുള്ള പെൺകുട്ടികളാണ് പരിശീലനത്തിന്റെ ഭാഗമായതെന്നും കുസും അറിയിച്ചു.ഇതിനുമുൻപും ദുർഗവാഹിനി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആയുധ പരിശീലനം നടത്തിയത് വലിയ വിവാദമായിരുന്നു. അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന പരിശീലനങ്ങളുടെ വിഡിയോ പുറത്തുവന്നിരുന്നു.

Tags:    
News Summary - VHP organized seven day training camp for girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.