ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ ബാബരി മസ്ജിദിന്‍റെ ഗതിവരുമെന്ന് വി.എച്ച്.പിയുടെ ഭീഷണി

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കിൽ ബാബരി മസ്ജിദിന്‍റെ ഗതിവരുമെന്ന് വി.എച്ച്.പിയുടെ ഭീഷണി

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും രംഗത്തെത്തി. സംസ്ഥാന സർക്കാർ ഈ ആവശ്യം അംഗീകരിക്കാതിരുന്നാൽ 1992 ബാബരി മസ്ജിദിന്‍റെ അതേ വിധി തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. തിങ്കളാഴ്ച നാഗ്പൂർ ജില്ലാ കലക്ടറുടെ ഓഫിസിന് മുന്നിൽ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കാതെ തുടരുകയാണെങ്കിൽ ഔറംഗസേബിന്റെ ശവകുടീരം തകർക്കും എന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സുരക്ഷ കർശനമാക്കി.

ഖുൽദാബാദിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും സ്റ്റേറ്റ് റിസർവ് പൊലീസ് സേന വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തഹസിൽദാർമാരുടെയും ജില്ലാ കലക്ടർമാരുടെയും ഓഫിസുകൾക്ക് പുറത്ത് പ്രതിഷേധങ്ങൾ നടത്തുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെ മന്ത്രി സഞ്ജയ് ഷിർസാത്ത് വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്റെയും ആവശ്യത്തെ പിന്തുണച്ചു. "ഒരു ക്രൂര ഭരണാധികാരിയുടെ ശവകുടീരം സംരക്ഷിക്കേണ്ട ആവശ്യമെന്താണ്?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ, എൻ.സി.പി (എസ്.പി.) നേതാവ് ജിതേന്ദ്ര അവാദ് ഈ നിലപാടിനെ വിമർശിച്ച്, "രാവണനെ പരാമർശിക്കാതെ രാമായണം വിവരിക്കാനാകുമോ? അഫ്‌സൽ ഖാനെ പരാമർശിക്കാതെ പ്രതാപ്ഗഡ് യുദ്ധത്തെ വിവരിക്കാനാകുമോ?" എന്ന് പ്രതികരിച്ചു.

സമാജ്‌വാദി പാർട്ടി എം.എൽ.എ അബു ആസ്മി, ഔറംഗസേബിനെ പ്രശംസിച്ച പ്രസ്താവന നടത്തിയതിനെ തുടർന്ന് വിവാദത്തിലായിരുന്നു. പൊതുജന വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ഒന്നിലധികം എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്തതോടൊപ്പം മാർച്ച് 26 വരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം "ഔറംഗസേബിനെ ക്രൂരനോ, സ്വേച്ഛാധിപതിയോ, അസഹിഷ്ണുതയുള്ളവനോ ആയ ഭരണാധികാരിയായി താൻ കാണുന്നില്ല" എന്ന നിലപാടാണ് സ്വീകരിച്ചത്. "ഇക്കാലത്ത് സിനിമകളിലൂടെ ഔറംഗസേബിനെ കുറിച്ച് വികലമായ പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നു" എന്നുമായിരുന്നു ആസ്മിയുടെ ആരോപണം.

വി.എച്ച്.പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്റംഗ്ദൾ മേഖലാ കോർഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ ഔറംഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അടിച്ചമർത്തലിന്റെയും ഓർമപ്പെടുത്തലാണെന്നും അത് നീക്കം ചെയ്യേണ്ടതാണെന്നും വാദിച്ചു. ഛത്രപതി സംഭാജി നഗറിലെ (ഔറംഗാബാദ്) ഖുൽദാബാദിലാണ് ശവകുടീരമുള്ളത്. സമാജ് വാദി പാർട്ടി മഹാരാഷ്ട്ര എം.എൽ.എ ഔറംഗസീബിനെ വാഴ്ത്തിയതോടെയാണ് ശവകുടീരവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നത്. മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരനായ ബി.ജെ.പി എം.പി ഉദയൻരാജെ ഭോസ്ലെയും ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയം മറ്റുള്ളവർ ഏറ്റുപിടിച്ചു.


Full View

Tags:    
News Summary - VHP threatens to demolish Babri Masjid if Aurangzeb's tomb is not demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.