ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി ഉണ്ടായിരുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന് (എൻ.ജെ.എ.സി) സംവിധാനത്തെ സുപ്രീംകോടതി നീക്കിയതിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ജനങ്ങളുടെ ഇച്ഛയനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രീംകോടതി ഇടപെട്ട് ഇല്ലാതാക്കി. ഭരണഘടനയുടെ ആമുഖത്തില്‍ 'ജനങ്ങളാല്‍' എന്നാണ് പറയുന്നത്. ആ ജനങ്ങളുടെ ഇച്ഛയാണ് പാര്‍ലമെന്റ് പറയുന്നത്. അധികാരം ജനങ്ങളിലാണ്.
അവരുടെ ഭൂരിപക്ഷവും വിവേകവുമാണ് അധികാരത്തെ തെരഞ്ഞെടുക്കുന്നതെന്നും എല്‍.എം. സിംഗ്വി അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വേദിയിലിരിക്കെയാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനെതിരെ സുപ്രീംകോടതിയും കേന്ദ്രവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.
പാര്‍ലമെന്റിന്റെ ഇരു സഭകളും ഐകകണ്ഠ്യേന പാസാക്കിയ നിയമം കോടതി ഇല്ലാതാക്കിയത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കായി അവര്‍ വരേണ്യ ജുഡീഷ്യല്‍ സംവിധാനം രൂപവത്കരിച്ചു. ഭരണഘടനപരമായ സംവിധാനത്തിന് ഇത്തരത്തില്‍ ബദല്‍ ഉണ്ടാക്കുന്നത് ലോകത്തെവിടെയെങ്കിലും കാണാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ നടപടികൾ വളരെ സുതാര്യമാണെന്നും അതിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കരുതെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.