അഹ്മദാബാദ്: ഗുജറാത്തിലെ കന്നിയങ്കത്തിൽതന്നെ ഏഴ് മുനിസിപ്പൽ കോർപറേഷൻ സീറ്റുകൾ കരസ്ഥമാക്കിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഞായറാഴ്ച നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റി, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ.
മുസ്ലിം ഭൂരിപക്ഷ മേഖലകളായ ഗോധ്ര, മൊഡാസ, ഭറൂച്ച് എന്നിവിടങ്ങളിലാണ് മജ്ലിസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭാരതീയ ട്രൈബൽ പാർട്ടിയുമായും (ബി.ടി.പി) സഖ്യമുണ്ട്.
മുതിർന്ന മജ്ലിസ് നേതാക്കളായ അസദുദ്ദീൻ ഉവൈസിയും വാരിസ് പഠാണുമാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ബി.ജെ.പി സർക്കാറിനു കീഴിലെ സംസ്ഥാനത്തെ മുസ്ലിംകളുടെ ദുരിതാവസ്ഥ എണ്ണിപ്പറഞ്ഞ് ഉവൈസി നടത്തുന്ന യോഗങ്ങളിലെ വൻ പങ്കാളിത്തം കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രതിഷേധങ്ങൾ നടന്ന മൊഡാസയിലെ റാലിയിൽ നാട്ടുകാരെ അഭിനന്ദിച്ച ഉവൈസി ലോക്സഭയിൽ താൻ നടത്തിയ പോരാട്ടങ്ങളും എടുത്തുപറഞ്ഞു.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും കേസുകളുമുള്ളവരാണ് നഗരസഭയിലേക്ക് മത്സരിച്ച പാർട്ടി സ്ഥാനാർഥികളിൽ അധികവുമെങ്കിലും വംശഹത്യ ഇരകൾക്കായി നിയമ പോരാട്ടം നടത്തുന്ന അഡ്വ. ഷംസാദ് പഠാൻ, പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന സാബിർ കാബ്ലി വാല തുടങ്ങിയ പ്രമുഖരെ ഒപ്പം നിർത്താൻ മജ്ലിസിനായിട്ടുണ്ട്.
1987നു ശേഷം കോൺഗ്രസിനും ബി.ജെ.പിക്കും പുറമെ അഹ്മദാബാദ് നഗരസഭ കോർപറേഷനിൽ ഇടംപിടിച്ച പാർട്ടി എന്ന നിലയിൽ നഗരസഭ ആസ്ഥാനത്ത് മജ്ലിസിന് ഓഫിസും തുറക്കാനായി. 81 മുനിസിപ്പാലിറ്റികൾ, 31 ജില്ല പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് 28ന് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.