ന്യൂഡൽഹി: ആസ്‌ട്രേലിയയിൽ അദാനിയുടെ കൽക്കരി ഖനിയുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികളുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി രാജിവച്ചു. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അദാനി ഗ്രൂപ്പിന്‍റെ മേൽനോട്ടം വഹിക്കുന്നതിൽ റെഗുലേറ്റർമാർ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിടുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് രാജി. അദാനി ഗ്രൂപ്പും വിനോദും തമ്മിലുള്ള ചില ഇടപാടുകൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് പരിശോധിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
കാർമൈക്കൽ റെയിൽ ആന്റ് പോർട്ട് സിംഗപ്പൂർ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും വിനോദ് ഫെബ്രുവരി 27ന് ഒഴിഞ്ഞു. കൂടാതെ കാർമൈക്കൽ റെയിൽ സിംഗപ്പൂർ,അബോട്ട് പോയിന്റ് ടെർമിനൽ എക്സ്പാൻഷൻ എന്നിവയുടെ ഡയരക്ടർ സ്ഥാനവുമാണ് വിനോദ് അദാനി ഒഴിഞ്ഞത്.
വിനോദ് രാജിവച്ച ഈ കമ്പനികൾ, ഓസ്ട്രേലിയയിൽ 2013ലും 2018 ലും അദാനി കാർമൈക്കൽ മൈനിങ് കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് കാരണായിരുന്നു. വിനോദിന്റെ കമ്പനികളിൽ നിന്നുള്ള പണം ഗൗതമിന്റെ ഓസ്‌ട്രേലിയയിലെ ഖനന പദ്ധതിയിൽ പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനിക്ക് വിപണിയിൽ 120 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് നയിച്ചതിൽ, ഗൗതമിന്റെ മൂത്ത സഹോദരൻ വിനോദിന്റെ പങ്ക് സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി" നടപ്പക്കുന്നതിൽ വിനോദ് നിർണായക പങ്ക് വഹിച്ചതായും ഹിൻഡൻബർഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.