ന്യൂഡൽഹി: ഇന്ത്യ സ്വമേധയാ തീരുമാനിച്ച തീയതിക്ക് നയതന്ത്ര പരിരക്ഷ എടുത്തുകളയുന്നത് കനേഡിയൻ ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നും നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന ചട്ടങ്ങളുടെ ലംഘനമാണിതെന്നും കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി. എന്നാൽ, ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
‘നയതന്ത്രത്തിൽ ചില അടിസ്ഥാന തത്ത്വങ്ങളുണ്ട്. രണ്ടു കൂട്ടർക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. ചട്ടങ്ങൾ ഓരോ രാജ്യവും പാലിച്ചാൽ മാത്രമേ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാനാകൂ. നയതന്ത്ര പരിരക്ഷ ഏകപക്ഷീയമായി പിൻവലിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്.
നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന ഉടമ്പടിയുടെ വ്യക്തമായ ലംഘനമാണിത്. നയതന്ത്ര പരിരക്ഷയുടെ ചട്ടം മാനിക്കുന്നില്ലെന്നു വന്നാൽ ലോകത്ത് ഒരിടത്തും നയതന്ത്രജ്ഞർ സുരക്ഷിതരാവില്ല. ഇന്ത്യയുടെ നടപടിയോട് കാനഡ തത്തുല്യനിലയിൽ പ്രതികരിക്കില്ല.’ -കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
എന്നാൽ ഇന്ത്യയിലും കാനഡയിലും ഒരേപോലെയാകണം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണമെന്ന നിലപാട് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ശ്രമം തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പരസ്പര ബന്ധത്തിന്‍റെ സ്ഥിതി, ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതൽ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അവരുടെ തുടർച്ചയായ ഇടപെടൽ എന്നിവയൊക്കെ മുൻനിർത്തി പരസ്പര നയതന്ത്ര സാന്നിധ്യം ഏകീകരിക്കേണ്ടതുണ്ട്.
വിയന ചട്ടങ്ങൾ അതിന് എതിരല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.