കൊൽക്കത്ത: അസെൻസോൾ, റാണിഗഞ്ച് വർഗീയ സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇൻറലിജൻസ് സംവിധാനം അഴിച്ചുപണിയാൻ ബംഗാൾ സർക്കാർ ഒരുങ്ങുന്നു. നിലവിലെ സംവിധാനം അപര്യാപ്തമാണെന്നും ഭാവിയിൽ ഇത്തരം സംഘർഷങ്ങളൊഴിവാക്കാൻ താഴെത്തട്ടിലെ ഇൻറലിജൻസ് സംവിധാനം ശക്തമാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2014ലെ ഖഗ്രാഗഡ് സ്ഫോടനത്തിനുശേഷം താഴെത്തട്ടിലെ ഇൻറലിജൻസ് സംവിധാനം ശക്തമാക്കുന്നതിന് സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതിനുവേണ്ടി എല്ലാ പൊലീസ് ജില്ലകൾക്ക് കീഴിലും ലോക്കൽ ഇൻറലിജൻസ് യൂനിറ്റുകൾ (എൽ.െഎ.യു) സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കുകയും ഇവിടങ്ങളിലേക്ക് ഒാഫിസർമാരെ നിയമിക്കുകയും ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇവർക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയോ ഒാഫിസ് സംവിധാനങ്ങൾ നൽകുകയോ ചെയ്തില്ല. പൊലീസ് സ്റ്റേഷനുകളിൽ ഇരുന്ന് പ്രവർത്തിച്ചാൽ ഇവരെ എല്ലാവരും തിരിച്ചറിയും എന്നതിനാൽ അത് പ്രായോഗികവുമല്ല.
രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് അസെൻസോൾ, റാണിഗഞ്ച്, പുരുലിയ, മുർഷിദാബാദ് വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽ.െഎ.യുകൾക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാൻ സർക്കാർ സന്നദ്ധമായിരിക്കുകയാണ്. അതിനിടെ, ന്യൂഡൽഹിയിൽനിന്നുള്ള നാലംഗ ബി.ജെ.പി സംഘം സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അസെൻസോളിലെത്തി.
ദേശീയ വൈസ് പ്രസിഡൻറും എം.പിയുമായ ഒാംപ്രകാശ് മാഥൂർ, വക്താവ് ഷാനവാസ് ഹുസൈൻ, എം.പിയും ഝാർഖണ്ഡ് പൊലീസ് മുൻ ഡയറക്ടർ ജനറലുമായ വിഷ്ണു ദയാൽ റാം, എം.പി രൂപ ഗാംഗുലി എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.