ന്യൂഡൽഹി: ആധാർ വെർച്വൽ െഎ.ഡിയും (വി.െഎ.ഡി) യു.െഎ.ഡി ടോക്കണും ആധാർ നമ്പറായിത്തന്നെ പരിഗണിക്കണമെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) വിവിധ ഏജൻസികളോട് ആവശ്യപ്പെട്ടു. ആധാർ നമ്പർ വ്യക്തിവിവരങ്ങൾ ചോരാൻ കാരണമാകുന്നുവെന്ന ആരോപണത്തെ തുടർന്ന് യു.െഎ.ഡി.എ.െഎ ഏർപ്പെടുത്തിയ രണ്ട് സുരക്ഷാ സംവിധാനങ്ങളാണ് വെർച്വൽ െഎ.ഡിയും യു.െഎ.ഡി ടോക്കണും.
ഒാരോ പ്രത്യേക ആവശ്യത്തിനും ആധാർ വെബ്സൈറ്റിൽനിന്ന് ഉപയോക്താവിന് നേടിയെടുക്കാവുന്നതാണ് 16 അക്ക വി.െഎ.ഡി. 12 അക്ക ആധാർ നൽകുന്നതിനു പകരം ഇത് നൽകിയാൽ ഏജൻസികൾ അംഗീകരിക്കണമെന്നാണ് യു.െഎ.ഡി.എ.െഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുതവണ ഉപയോഗിച്ച വി.െഎ.ഡി പിന്നീട് ഉപയോഗിക്കാനാവില്ല. ആധാർ നമ്പർ ഇല്ലാതെതന്നെ വ്യക്തിയെ തിരിച്ചറിയുന്ന സവിശേഷ സംവിധാനമാണ് യുനീക് െഎ.ഡി എന്ന യു.െഎ.ഡി. ആധാർ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആധാർ നമ്പർ ശേഖരിച്ചു വെക്കാതെതന്നെ അവരുടെ കമ്പ്യൂട്ടറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾവെച്ച് വ്യക്തിയെ തിരിച്ചറിയാൻ യു.െഎ.ഡി സഹായിക്കും.
ആധാർ അധികാരപ്പെടുത്തുന്ന ഏജൻസികളെ ആഗോളം, പ്രാദേശികം എന്ന് തരംതിരിച്ചിട്ടുണ്ട്. ബാങ്കുകൾ ആഗോള വിഭാഗത്തിലും ടെലികോം കമ്പനികളും ബാങ്കിഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രാദേശിക വിഭാഗത്തിലുമാണ് വരുന്നത്. ബാങ്കുകൾക്ക് പുതിയ സംവിധാനത്തിലേക്ക് മാറാൻ ആഗസ്റ്റ് 31 വരെ യു.െഎ.ഡി.എ.െഎ സമയം നൽകിയിട്ടുണ്ട്. എന്നാൽ, ജൂലൈ ഒന്നു മുതൽ വി.െഎ.ഡി, യു.െഎ.ഡി സംവിധാനത്തിലേക്ക് മാറാത്ത ടെലികോം കമ്പനികൾക്ക് ഒരു ഇടപാടിന് 20 പൈസ വീതം പിഴ ഇൗടാക്കുന്നുണ്ട്. ജൂലൈ 31നകം പുതിയ സംവിധാനത്തിലേക്ക് മാറിയാൽ ഇവർക്ക് പിഴത്തുക പൂർണമായി തിരിച്ചുനൽകുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.