വിസ്താര ചിറക് താഴ്ത്തുന്നു; ഇനി എയർ ഇന്ത്യക്ക് കീഴിൽ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിൽ. വിസ്താര ബ്രാൻഡിന് കീഴിലെ വിമാനങ്ങളുടെ അവസാന സർവിസ് നവംബർ 11ന് നടക്കും. നവംബർ 12 മുതൽ എയർ ഇന്ത്യയുടെ കീഴിലാകും സർവിസ്.

വിസ്താര സർവിസ് നടത്തുന്ന റൂട്ടുകളിലെ നവംബർ 12നോ അതിനു ശേഷമോ പുറപ്പെടുന്ന വിമാനങ്ങളുടെ ബുക്കിങ് എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. സെപ്റ്റംബർ മൂന്നുമുതലാണ് ഈ മാറ്റം. വിസ്താരയുടെ വിമാനങ്ങളുടെയും ജീവനക്കാരുടെയും എയർ ഇന്ത്യയിലേക്കുള്ള സുഗമമായ മാറ്റത്തിന് തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. 2025 ആദ്യപാദം വരെ ഷെഡ്യൂൾ, ജീവനക്കാർ എന്നിവയിൽ മാറ്റമുണ്ടാകില്ല. എന്നാൽ, പിന്നീട്, ക്രമേണ ആവശ്യമായ മാറ്റം വരുത്തും. 2022 നവംബറിലാണ് ലയനം പ്രഖ്യാപിച്ചത്.

ദൈർഘ്യമേറിയതും സങ്കീർണവുമായ ലയന പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എയർ ഇന്ത്യ ചീഫ് കാംബെൽ വിൽസൺ വെള്ളിയാഴ്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു. ലയനശേഷം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ സിംഗപ്പൂർ വിമാനക്കമ്പനിക്ക് 25.1 ശതമാനം ഓഹരിയുണ്ടാകും. ലയനത്തിന് വ്യോമയാന മന്ത്രാലയത്തിന്റെയും റെഗുലേറ്ററി അതോറിറ്റിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Vistara to end services in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.