രാഷ്​ട്രീയത്തിലേക്ക്​ ചിന്നമ്മയുടെ മടങ്ങിവരവോ? ജയലളിത സമാധിയിൽ വി.കെ ശശികലയുടെ കണ്ണീരജ്ഞലി

ചെന്നൈ: മറിന കടൽക്കരയിലെ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയിൽ വി.കെ. ശശികല കണ്ണീരോടെ ആദരാജ്ഞലികളർപിച്ചു. അവിഹിത സ്വത്ത്​ സമ്പാദന കേസിൽ ബംഗളുരു ജയിലിൽനിന്ന്​ മോചിതയായതിനുശേഷം ഇതാദ്യമായാണ്​ ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ. ശശികല മറിന ബീച്ചിലെത്തിയത്​.

ശനിയാഴ്​ച രാവിലെ 11 മണിയോടെ അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറിൽ ത്യാഗരായനഗറിലെ വസതിയിൽനിന്നാണ്​ ശശികല പുറപ്പെട്ടത്​. ​ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണകക്കിന്​ പ്രവർത്തകരും അനുഗമിച്ചു. മറിന കടൽക്കരയിൽ നുറുക്കണക്കിന്​ പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.

ജയലളിത സമാധിയിലെത്തിയ ശശികല കണ്ണീരോടെയാണ്​ പുഷ്​പാർച്ചന നടത്തി ആദരാജ്ഞലികളർപിച്ചത്​. ഇടക്കിടെ തൂവാല ഉപയോഗിച്ച്​ കണ്ണീർ തുടക്കുന്നുണ്ടായിരുന്നു. പത്ത്​ മിനിറ്റോളം തൊഴുകൈകളോടെ പ്രാർഥിച്ചു. ഇൗ സമയത്ത്​ പ്രവർത്തകർ 'ചിന്നമ്മ വാഴ്​ക', അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ചിന്നമ്മ വാഴ്​ക, ത്യാഗ ശെൽവി ചിന്നമ്മ വാഴ്​ക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. അണ്ണാദുരൈ, എം.ജി.ആർ എന്നിവരുടെ സമാധികളും ശശികല സന്ദർശിച്ചു.


നാല്​ വർഷം മുൻപ്​ ജയലളിത സമാധിയിൽ ​ശപഥം ചെയ്​തതിനുശേഷമാണ്​ ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക്​ പുറപ്പെട്ടത്​. ജയിൽവാസത്തിനുശേഷം ഫെബ്രു.ഒൻപതിനാണ്​ ശശികല ചെന്നൈയിൽ തിരിച്ചെത്തിയത്​. ശശികലയുടെ സന്ദർശനം ഒഴിവാക്കാൻ അന്നത്തെ അണ്ണാ ഡി.എം.കെ സർക്കാർ അറ്റകുറ്റപണികളുടെ പേരിൽ ജയലളിത സമാധി അടച്ചിട്ടിരിക്കുകയായിരുന്നു.

അണ്ണാ ഡി.എം.കെ തകരുന്നത്​ കണ്ടുനിൽക്കാനാവില്ലെന്നും രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചുവരുമെന്നും ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട്​ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ​ ആരെയും പിന്തുണക്കാതെ വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ തോൽവിക്കുശേഷം പ്രതിപക്ഷ നേതാവ്​ സ്​ഥാനത്തിനുവേണ്ടി ഒ. പന്നീർശെൽവം ശ്രമം നടത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷം പാർട്ടി എം.എൽ.എമാരുടെ പിന്തുണയോടെ എടപ്പാടി പളനിസാമിയാണ്​ പ്രതിപക്ഷ നേതാവായത്​. അതിനിടെ ശശികല സംസ്​ഥാനത്തെ പ്രധാന പ്രവർത്തകരെ ഫോണിൽ വിളിച്ച്​ താൻ പാർട്ടി പ്രവർത്തനത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ പറഞ്ഞിരുന്നു.

അതേസമയം ശശികലയെ ഒരുകാരണവശാലും പാർട്ടിയിൽ തിരിച്ചെടുക്കുന്ന പ്രശ്​നമില്ലെന്ന്​ എടപ്പാടി പളനിസാമി വിഭാഗം ശക്തമായ നിലപാട്​ സ്വീകരിച്ചു. നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ട നിലയിൽ പാർട്ടിയിൽ നിലവിലുള്ള ഇരട്ട നേതൃത്വം മാറണമെന്നും ശശികലയെ പാർട്ടി നേതൃസ്​ഥാനത്തേക്ക്​ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ശക്തിപ്പെടുന്ന നിലയിലാണ്​ ജയലളിത സമാധിയിലെ സന്ദർശനം.

നാലുവർഷക്കാലമായി മനസിലുണ്ടായിരുന്ന ഭാരം ഇറക്കിവെച്ചതായും സംഘടനയെ ഇപ്പോഴത്തെ അവസ്​ഥയിൽനിന്ന്​ പുരട്​ച്ചി തലൈവറും ജയലളിതയും രക്ഷിക്കുമെന്നും ശശികല മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

അതിനിടെ ശശികലക്ക്​ അണ്ണാ ഡി.എം.കെയിൽ ഇടമില്ലെന്ന്​ പാർട്ടി വക്​താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പ്രസ്​താവിച്ചു.ശശികലയുടെ രാഷ്​ട്രീയ രംഗപ്രവേശം സംഘടനയെ ദോഷകരമായി ബാധിക്കില്ല. അവരുടെ അഭിനയത്തിന്​ ഒാസ്​കാർ അവാർഡ്​ നൽകാമെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    
News Summary - VK Sasikala Returns To Jayalalithaa Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.