രാഷ്ട്രീയത്തിലേക്ക് ചിന്നമ്മയുടെ മടങ്ങിവരവോ? ജയലളിത സമാധിയിൽ വി.കെ ശശികലയുടെ കണ്ണീരജ്ഞലി
text_fieldsചെന്നൈ: മറിന കടൽക്കരയിലെ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയിൽ വി.കെ. ശശികല കണ്ണീരോടെ ആദരാജ്ഞലികളർപിച്ചു. അവിഹിത സ്വത്ത് സമ്പാദന കേസിൽ ബംഗളുരു ജയിലിൽനിന്ന് മോചിതയായതിനുശേഷം ഇതാദ്യമായാണ് ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ. ശശികല മറിന ബീച്ചിലെത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറിൽ ത്യാഗരായനഗറിലെ വസതിയിൽനിന്നാണ് ശശികല പുറപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണകക്കിന് പ്രവർത്തകരും അനുഗമിച്ചു. മറിന കടൽക്കരയിൽ നുറുക്കണക്കിന് പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.
ജയലളിത സമാധിയിലെത്തിയ ശശികല കണ്ണീരോടെയാണ് പുഷ്പാർച്ചന നടത്തി ആദരാജ്ഞലികളർപിച്ചത്. ഇടക്കിടെ തൂവാല ഉപയോഗിച്ച് കണ്ണീർ തുടക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റോളം തൊഴുകൈകളോടെ പ്രാർഥിച്ചു. ഇൗ സമയത്ത് പ്രവർത്തകർ 'ചിന്നമ്മ വാഴ്ക', അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ചിന്നമ്മ വാഴ്ക, ത്യാഗ ശെൽവി ചിന്നമ്മ വാഴ്ക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. അണ്ണാദുരൈ, എം.ജി.ആർ എന്നിവരുടെ സമാധികളും ശശികല സന്ദർശിച്ചു.
നാല് വർഷം മുൻപ് ജയലളിത സമാധിയിൽ ശപഥം ചെയ്തതിനുശേഷമാണ് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ജയിൽവാസത്തിനുശേഷം ഫെബ്രു.ഒൻപതിനാണ് ശശികല ചെന്നൈയിൽ തിരിച്ചെത്തിയത്. ശശികലയുടെ സന്ദർശനം ഒഴിവാക്കാൻ അന്നത്തെ അണ്ണാ ഡി.എം.കെ സർക്കാർ അറ്റകുറ്റപണികളുടെ പേരിൽ ജയലളിത സമാധി അടച്ചിട്ടിരിക്കുകയായിരുന്നു.
അണ്ണാ ഡി.എം.കെ തകരുന്നത് കണ്ടുനിൽക്കാനാവില്ലെന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കാതെ വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ തോൽവിക്കുശേഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തിനുവേണ്ടി ഒ. പന്നീർശെൽവം ശ്രമം നടത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷം പാർട്ടി എം.എൽ.എമാരുടെ പിന്തുണയോടെ എടപ്പാടി പളനിസാമിയാണ് പ്രതിപക്ഷ നേതാവായത്. അതിനിടെ ശശികല സംസ്ഥാനത്തെ പ്രധാന പ്രവർത്തകരെ ഫോണിൽ വിളിച്ച് താൻ പാർട്ടി പ്രവർത്തനത്തിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു.
അതേസമയം ശശികലയെ ഒരുകാരണവശാലും പാർട്ടിയിൽ തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്ന് എടപ്പാടി പളനിസാമി വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചു. നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ട നിലയിൽ പാർട്ടിയിൽ നിലവിലുള്ള ഇരട്ട നേതൃത്വം മാറണമെന്നും ശശികലയെ പാർട്ടി നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ശക്തിപ്പെടുന്ന നിലയിലാണ് ജയലളിത സമാധിയിലെ സന്ദർശനം.
നാലുവർഷക്കാലമായി മനസിലുണ്ടായിരുന്ന ഭാരം ഇറക്കിവെച്ചതായും സംഘടനയെ ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് പുരട്ച്ചി തലൈവറും ജയലളിതയും രക്ഷിക്കുമെന്നും ശശികല മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതിനിടെ ശശികലക്ക് അണ്ണാ ഡി.എം.കെയിൽ ഇടമില്ലെന്ന് പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പ്രസ്താവിച്ചു.ശശികലയുടെ രാഷ്ട്രീയ രംഗപ്രവേശം സംഘടനയെ ദോഷകരമായി ബാധിക്കില്ല. അവരുടെ അഭിനയത്തിന് ഒാസ്കാർ അവാർഡ് നൽകാമെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.