ഛണ്ഡീഗഡ്: കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചയെ അനുകൂലിച്ച് രംഗത്തെത്തിയ ദേശീയ കൺവീനർ വി.എം. സിങ്ങിനെ പുറത്താക്കി ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എ.ഐ.കെ.എസ്.സി.സി). കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വി.എം. സിങ് പടിഞ്ഞാറൻ ഉത്തർ പ്രദേശ് സ്വദേശിയും ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ മനേക ഗാന്ധിയുടെ അടുത്ത ബന്ധുവും കൂടിയാണ്. 632 കോടിയാണ് ഇദ്ദേഹത്തിൻെറ ആസ്തി.
എ.ഐ.കെ.എസ്.സി.സി ദേശീയ കൺവീനർ സ്ഥാനത്തിന് പുറമെ കർഷക സംഘടനകളുടെ ഏഴംഗ സമിതിയിലും വി.കെ. സിങ് അംഗമായിരുന്നു.
കർഷക സമരത്തെ ദുർബലമാക്കാനും കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും വി.എം. സിങ്ങിനെതിരെ തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കർഷക സംഘടനകളും കേന്ദ്രസർക്കാറും തമ്മിൽ ആറു തവണ ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ വന്നതോടെ കർഷകരെ ഭിന്നിപ്പിച്ച് സമരം പൊളിക്കാൻ ശ്രമിച്ചുവെന്നാണ് വി.എം. സിങ്ങിനെതിരായ ആരോപണം. കേന്ദ്രസർക്കാറിൻെറ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന് കർഷകർ ഉറപ്പിച്ച് പറയുേമ്പാൾ കേന്ദ്രസർക്കാറുമായി അടിസ്ഥാന താങ്ങുവില സംബന്ധിച്ച് പ്രേത്യക ചർച്ച നടത്തണമെന്നായിരുന്നു വി.എം. സിങിൻെറ ആവശ്യം.
കേന്ദ്രസർക്കാർ പ്രതിനിധികൾ ഖലിസ്താൻ, നക്സലൈറ്റ്, തുക്ടെ തുക്ടെ സംഘം എന്നിങ്ങനെ കർഷകരെ വിളിച്ച് ആക്ഷേപിക്കുന്നതിനിടെ കർഷക സമരം ശരിയായ ദിശയിൽ അല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. കേന്ദ്രസർക്കാറിൻെറ ആരോപണങ്ങൾക്ക് വഴിമരുന്നിട്ട് നൽകുന്നതായിരുന്നു വി.എം. സിങ്ങിൻെറ പ്രസ്താവന.
വി.എം. സിങ്ങിനെ മുൻനിർത്തിയായിരുന്നു ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലെ പ്രധാന ആക്രമണം. 2004ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചയാളാണ് വി.എം. സിങ്ങെന്നും 2009ൽ വരുൺ ഗാന്ധിക്കെതിരെ മത്സരിച്ചെന്നും ബി.ജെ.പി ഐ.ടി തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ 2009ൽ വി.എം. സിങ്ങിൻെറ ആസ്തി 632 കോടിയാണെന്ന് വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരം ആസൂത്രിതമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ബി.ജെ.പി പ്രതികരിച്ചിരുന്നു.
കോടീശ്വരനായ വി.എം. സിങ്ങിൻെറ കർഷക പ്രക്ഷോഭത്തിലെ സാന്നിധ്യം എല്ലാവരും നെറ്റിചുളിക്കുന്നതിനും ഇടയാക്കി. ഡൽഹി ചലോ പ്രക്ഷോഭത്തിൽ നേതൃത്വം വഹിച്ചെങ്കിലും പൂർണ മനസോടെയല്ലായിരുന്നു കർഷക സമരത്തിന് പിന്തുണ നൽകിയതെന്നും പറയുന്നു.
പടിഞ്ഞാറൻ ഉത്തർ പ്രദേശിൽനിന്നുള്ള കർഷകരെ പ്രക്ഷോഭത്തിൽ അണിനിരത്തിയത് ഇദ്ദേഹത്തിൻെറ നേതൃത്വത്തിലായിരുന്നു. ഡൽഹി ചലോ മാർച്ച് ആരംഭിച്ച നവംബർ 26ന് സിങ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ചർച്ചയായിരുന്നു. കോവിഡ് 19 പടർന്നുപിടിക്കുന്നതിനാൽ കർഷക പ്രക്ഷോഭകർ രാജ്യതലസ്ഥാനത്തേക്ക് നീങ്ങരുതെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പോസ്റ്റ്. കൂടാതെ ശൈത്യകാലത്ത് താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ എല്ലാവരും രോഗികളാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. എന്നാൽ സിങ്ങിൻെറ നിർദേശം വകവെക്കാതെ ആയിരകണക്കിന് കർഷകർ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു. ഇതോടെ മറ്റൊരു മുന്നറിയിപ്പ് സന്ദേശവുമായി വി.എം. സിങ് വീണ്ടും രംഗത്തെത്തി. അത് പ്രതിഷേധത്തിനായി എല്ലാവരും ബുരാരി ൈമതാനത്തേക്ക് പോകണമെന്നായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനവും അതായിരുന്നു. എന്നാൽ കർഷക സംഘടനകൾ ഇത് അംഗീകരിക്കാൻ തയാറായില്ല.
സിങ്ങും അദ്ദേഹത്തിൻെറ അനുയായികളും ബുരാരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റിയിരുന്നു. സർക്കാർ തന്നെയും 55 കർഷക നേതാക്കളെയും ബുരാരി ൈമതാനത്ത് സവാരി കൊണ്ടുപോയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. ഡിസംബർ മൂന്നിന് സിങ് ബുരാരി മൈതാനത്ത് നിന്ന് വീണ്ടും പ്രതിഷേധം ഗാസിപുർ അതിർത്തിയിലേക്ക് മാറ്റി.
സിങ്ങിനെ ഏഴംഗ സമിതിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. സിങ്ങിനൊപ്പം തങ്ങൾക്ക് ഒന്നും നേടാനില്ലെന്നും ക്രാന്തി കിസാൻ യൂനിയൻ പഞ്ചാബ് പ്രസിഡൻറ് ഡോ. ദർശൻ പാൽ വ്യക്തമാക്കി.
അതേസമയം എ.ഐ.കെ.എസ്.സി.സിയുടെ തീരുമാനത്തിൽ പ്രതികരണവുമായി വി.എം. സിങ് രംഗത്തെത്തി. ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ താൻ എന്തുചെയ്തുവെന്നായിരുന്നു പ്രതികരണം. ഗാസിപുർ അതിർത്തിയിൽ അനുകൂലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതിനായി താൻ എന്തുചെയ്തു. എല്ലാ വിളകൾക്കും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. സംസ്ഥാന സർക്കാർ നൽകുന്ന താങ്ങുവിലയിൽ കുറവ് ആർക്കും നൽകാൻ കഴിയില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. അതിനാൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാറിനെ അനുവദിക്കണമെന്നുമായിരുന്നു വി.എം. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.