അലഹബാദ് (പ്രയാഗ്‌രാജ്): ഹരിദ്വാറിനു പിന്നാലെ യു.പിയിലെ പ്രയാഗ്രാജിലും (പഴയ അലഹബാദ്) വർഗീയ വിദ്വേഷം വമിപ്പിച്ച് സന്യാസി സമ്മേളനമായ ധർമ സൻസദ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മുസ്ലിംകളെ ഹിന്ദുമതത്തിലേക്ക് മാറ്റാൻ 'ഘർവാപ്പസി' കാമ്പയിൻ സജീവമാക്കണമെന്നും മാഘമേളയിലെ ധർമ്മ സൻസദിൽ പങ്കെടുത്ത ജഗദ്ഗുരു സ്വാമി നരേന്ദ്രാനന്ദ് സരസ്വതി ആവശ്യപ്പെട്ടു.
'സുഭാഷ് ചന്ദ്രബോസിനെ രാജ്യത്തിെന്റ പ്രഥമ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കണം. മതപരിവർത്തനം രാജ്യദ്രോഹമായി കണക്കാക്കി വധശിക്ഷ നൽകണം. സർക്കാർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ എല്ലാ ഹിന്ദുക്കളും രാജ്യത്തെ ഹിന്ദു രാഷ്ട്രമായി എഴുതാനും വിശേഷിപ്പിക്കാനും തുടങ്ങണം. അങ്ങനെ ചെയ്യുന്നതിലൂടെ സർക്കാർ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാൻ നിർബന്ധിതരാകും. ഇസ്‌ലാമിക് ജിഹാദ് മനുഷ്യരാശിക്കും ലോകത്തിനും വലിയ ഭീഷണിയാണ്, അതിനെ തകർക്കാൻ ചൈനയുടെ നയം സ്വീകരിക്കേണ്ടിവരും. ചൈന ചെയ്തതുപോലെ ഉപരോധം ഏർപ്പെടുത്തി അതിനെ തടയാം. മഠങ്ങളും ക്ഷേത്രങ്ങളും സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ മസ്ജിദുകളും കൂടി ഏറ്റെടുക്കണം. മുസ്ലിംകൾ ന്യൂനപക്ഷമല്ല. അവരുടെ ന്യൂനപക്ഷ പദവി പിൻവലിക്കാൻ നടപടിയെടുക്കണം. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് തുടങ്ങിയ വിപ്ലവകാരികളുടെ ജീവിതം സ്‌കൂളുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മതപരിവർത്തനത്തെ രാജ്യദ്രോഹത്തിൽ ഉൾപ്പെടുത്തി വധശിക്ഷ വ്യവസ്ഥ ചെയ്യണം" നരേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.
"ഹരിദ്വാറിലെ ധർമ്മ സൻസദിൽ മതനേതാക്കൾ അവരുടെ സുരക്ഷയ്ക്കായി സംസാരിച്ചപ്പോൾ അവരെ ജയിലിലടച്ചു. ഇത് ഒരു പ്രത്യേക മതത്തിലെ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്നു. എന്നാൽ തൗഖീർ റാസ ബറേലിയിൽ 20,000 പേരെ വിളിച്ചുകൂട്ടി പ്രസംഗിച്ചപ്പോൾ ഒരു നടപടിയും ഉണ്ടായില്ല. ഉവൈസിയുടെ ഭീഷണി വീഡിയോ പുറത്തുവന്നു, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല' -നിരഞ്ജനി അഖാഡയിലെ മഹാമണ്ഡലേശ്വർ അന്നപൂർണ ഭാരതി പറഞ്ഞു,
മഹാമണ്ഡലേശ്വര് നരസിംഹാനന്ദ യതി, ജിതേന്ദ്ര നരേന്ദ്ര സിംഗ് ത്യാഗി (പഴയ പേര് വസീം റിസ്‌വി) എന്നിവരുടെ മോചനത്തിനായി സർക്കാരിന് കത്തെഴുതാൻ മേളയിൽ പങ്കെടുത്തവരോട് അന്നപൂർണ ഭാരതി ആവശ്യപ്പെട്ടു. ജന്മം കൊണ്ട് ഓരോ കുട്ടിയും ഹിന്ദുവാണെന്ന് ശക്തിപീഠാധീശ്വർ സ്വാമി ലളിതാനന്ദ പറഞ്ഞു.
വിഭജന സമയത്ത് ഒമ്പത് കോടി മുസ്ലിംകൾ ഉണ്ടായിരുന്നത് ഇപ്പോൾ 40 കോടിയോളമായതായി സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞു. "സന്യാസിമാർക്കായി ജയിലിന്‍റെ വാതിലുകൾ തുറക്കുകയാണെങ്കിൽ, നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ വിജയിച്ചുവെന്ന് മനസ്സിലാക്കുക. ഇന്ത്യയിലെ മുസ്ലിംകളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്, നിർബന്ധിത മതപരിവർത്തനത്തിലൂടെയാണ് അവർ മുസ്ലിംകളായത്" -സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മഹാമണ്ഡലേശ്വര് യതീന്ദ്രാനന്ദ ഗിരി പറഞ്ഞു.
രാജ്യത്തിന് രാഷ്ട്രപിതാവല്ല, രാഷ്ട്ര പുത്രനാണ് ഉണ്ടാവുകയെന്ന് സ്വാമി നരേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു. "രാഷ്ട്രത്തിന് പുത്രനുണ്ടാകാം, പക്ഷേ രാഷ്ട്രപിതാവുണ്ടാകില്ല' -മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ നരേന്ദ്രാനന്ദ് പറഞ്ഞു. 'ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു, അദ്ദേഹത്തിന്‍റെ നേതൃത്വം പല രാജ്യങ്ങളും അംഗീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തെ രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കണം' -നരേന്ദ്രാനന്ദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.