ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ വർഗീയ കലാപം വ്യാപിച്ചതിന്റെ ഭയത്തിലാണ് രാജ്യത്തെ സൈബർ ഹബ്ബായ ഗുരുഗ്രാം നഗരം. സംഘർഷം പൊട്ടിപ്പുറപ്പെട്ട നൂഹിൽനിന്ന് 50 കി.മീ. അകലെയുള്ള ഗുരുഗ്രാമിലും മണിക്കൂറുകൾക്കകംതന്നെ വർഗീയ കലാപം പടർന്നു. ഗുരുഗ്രാമിലെ കലാപം ദിവസങ്ങൾക്കുമുമ്പുതന്നെ ആസൂത്രണം ചെയ്തതാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഏകപക്ഷീയ ആക്രമണമാണ് ഗുരുഗ്രാമിൽ എങ്ങും കാണാനായത്.
ഇവിടത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ വ്യാപാരം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് 10 ദിവസംമുമ്പുതന്നെ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇല്ലെങ്കിൽ ആക്രമിക്കുമെന്നും പുറത്തുനിന്നെത്തിയ ഏതാനും ചിലർ മുന്നറിയിപ്പ് നൽകിയിരുന്നതായി ആക്രമണത്തിന് ഇരയായവർ പറഞ്ഞു. ചൊവ്വാഴ്ച ഗുരുഗ്രാം സെക്ടർ 66ലെ ബാദ്ഷാപുരിൽ ആക്രമികൾ തീവെച്ച് നശിപ്പിച്ച ഹോട്ടൽ ഉടമയായ ഇല്യാസിനും ഇത്തരത്തിൽ ഭീഷണി ലഭിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജയ് ശ്രീറാം വിളികളുമായി ബൈക്കിലും കാറുകളിലുമായി എത്തിയ വലിയ സംഘമാണ് കട തിരഞ്ഞുപിടിച്ച് തീവെച്ച് നശിപ്പിച്ചത്. സമീപ മാർക്കറ്റിലെ 14 കടകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ബിരിയാണി വിൽക്കുന്ന കടകളാണ് കത്തിനശിപ്പിച്ചവയിൽ അധികവുമെന്ന് പാതി കത്തിയ ബോർഡുകളിൽനിന്ന് വ്യക്തം.
പ്രദേശത്തുതന്നെയുള്ള ദർഗ നശിപ്പിച്ച സംഘം, സമീപത്ത് അമ്പലത്തോട് ചേർന്നുള്ള പള്ളിക്കുനേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സംഘർഷമുണ്ടാവാതിരിക്കാനാണ് തങ്ങൾ അവിടെ കാവലിരിക്കുന്നതെന്നുമാണ് അവിടെയുള്ള പൊലീസുകാർ മാധ്യമപ്രവർത്തകരോട് പറയുന്നത്. ആക്രമണം സംബന്ധിച്ച് പ്രതികരിക്കാൻ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവർ തയാറല്ല. ഏതാനും മീറ്റർ അകലെയുള്ള നശിപ്പിക്കപ്പെട്ട ദർഗയിലേക്കുള്ള വഴി ചോദിച്ചവരോടുപോലും അറിയില്ലെന്ന ഉത്തരമാണ് പ്രദേശവാസികൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.