കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെന്റ് കെട്ടിടം; നികുതിദായകരുടെ പണം ഒലിച്ചുപോയെന്ന് രാജ്ദീപ് സർദേശായി

ന്യൂഡൽഹി: കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെന്റ് കെട്ടിടം. മഴ വെള്ളം നിലത്ത് വീഴാതിരിക്കാൻ പാർലമെന്റിൽ പ്ലാസ്റ്റിക് ബക്കറ്റ് വെച്ചിരുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി എക്സിൽ പാർലമെന്റിനു മുന്നിലെ റോഡിലെ വെള്ളക്കെട്ടിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ പുതിയ പാർലമെന്റ് പോലും വെള്ളത്തിൽ മുങ്ങുമ്പോൾ, പൗരൻമാരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ....എന്നാണ് അദ്ദേഹം കുറിച്ചത്.

തിടുക്കപ്പെട്ട് പുതിയ പാർലമെന്റ് പണിതതിലും സർദേശായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ''മനോഹരമായ പഴയ പാർലമെന്റിലെ സെൻട്രൽ ഹാൾ പൂർണമായും കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്. വേദനിപ്പിക്കുന്ന കാഴ്ചയാണത്. അതിനിടയിലാണ് തിടുക്കപ്പെട്ട് പണിത പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്നത്. ശരിക്കും പറഞ്ഞാൽ നികുതിദായകരുടെ പണം ചോർന്നൊലിച്ചു പോവുകയാണ്.''-എന്നാണ് സർദേശായി എക്സിൽ കുറിച്ചത്.

വ്യാഴാഴ്ച രാവിലെ കോൺഗ്രസ് എം.പി മാണിക്കം ടാഗോറും പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചു. വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ബുധനാഴ്ച മുതൽ തുടരുന്ന മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാർലമെന്റിന്റെ മുന്നിലുള്ള റോഡിലും വെള്ളക്കെട്ടാണ്. വ്യാഴാഴ്ചയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് ഡൽഹി സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ നഗരങ്ങൾ വെള്ളത്തിലാണ്. ഡൽഹിയിലെ പല മെട്രോ സ്റ്റേഷനുകളും കടുത്ത വെള്ളക്കെട്ട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇത് ആളുകൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ കഴിഞ്ഞ 48 മണിക്കൂറിൽ ഏഴുപേർ മരിച്ചതായാണ് റിപ്പോർട്ട്.  

Tags:    
News Summary - Waterlogging Near New Parliament Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.