മംഗളൂരു: 'നമ്മൾ ഇപ്പോഴുള്ളത് തെറ്റിന്റെ പക്ഷത്താണ്... കാരണം..! ഹിന്ദുത്വയുടെ പേരിൽ ഇതിനെല്ലാം തുടക്കമിട്ടത് നമ്മളാണ്'. - സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ സന്ദർശിച്ച മുൻ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് മഹേഷ് ഷെട്ടി തിമരോദി പറഞ്ഞ വാക്കുകളാണിത്.
സുള്ള്യയിൽ മസൂദ് എന്ന മലയാളി യുവാവിനെ ഒരുസംഘം മർദിച്ച് കൊന്നതോടെയാണ് ദക്ഷിണ കന്നഡയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് 30കാരനായ ഫാസിൽ കൊല്ലപ്പെടുന്നത്.
ഹിന്ദുത്വവാച്ച് എന്ന ട്വിറ്റർ പേജിലാണ് മഹേഷ് ഷെട്ടിയുടെ വിഡിയോ പങ്കുവെക്കപ്പെട്ടത്. കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തെ സാക്ഷിനിർത്തിയാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ''നമ്മളിത് പലതവണ പറഞ്ഞിട്ടുണ്ട്.. രാഷ്ട്രീയത്തിന് പിറകെ പോകരുത്. പക്ഷെ യുവാക്കൾ അത് ചെവികൊള്ളില്ല. കാര്യങ്ങൾ ബോധ്യമായതോടെ, നമ്മൾ പണ്ടേ എല്ലാം ഉപേക്ഷിച്ചു. അല്ലെങ്കിൽ, ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
എനിക്ക് ഒന്നും പറയാനാകുന്നില്ല, എന്താണ് ഞാനീ സാഹചര്യത്തിൽ പറയേണ്ടത്. നമ്മളാണ് ഇപ്പോൾ തെറ്റിന്റെ ഭാഗത്തുള്ളത്. കാരണം, ഹിന്ദുത്വയുടെ പേരിൽ ഇതിനെല്ലാം തുടക്കം കുറിച്ചത് നമ്മളാണ്. ഒന്നും മിണ്ടാൻ സാധിക്കില്ല. എന്തെങ്കിലും പറഞ്ഞാൽ, ആക്രമിക്കപ്പെടും. മുസ്‍ലിംകളല്ല, ബി.ജെ.പിയുടെ ആളുകൾ വന്ന് ആക്രമിക്കും. ഈ നേതാക്കളും ആക്രമിക്കും.
ഇവിടെ പൊതുജന മധ്യത്തിൽ ആരെയെങ്കിലും അടിക്കാനുണ്ടെങ്കിൽ, അത് ബി.ജെ.പി നേതാക്കളെയാണ്. അല്ലാതെ മറ്റുള്ളവരെയല്ല.
വേറെ വഴിയില്ല, രാഷ്ട്രീയം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. അതിലുള്ള എല്ലാവരും ഒരുപോലെയാണ്, ഒരു വ്യത്യാസവുമില്ല. സമൂഹത്തിന്റെ നല്ലതിന് വേണ്ടിയല്ല അവരുടെ പ്രവർത്തനം. അവർ മതമൊക്കെ പണ്ടേ ഉപേക്ഷിച്ചതാണ്. സത്യവും. -മഹേഷ് ഷെട്ടി പറഞ്ഞു.
അതേസമയം, പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കേസിന്റെ സ്വഭാവം പരിഗണിച്ചാണ് എൻ.ഐ.എക്ക് കൈമാറുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. എന്നാൽ, മസൂദിന്റെയും ഫാസിലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കർണാടക പൊലീസ് കാര്യമായ പരിഗണന കൊടുക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.