ശൈഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: ശൈഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഈ വർഷം ആഗസ്റ്റിൽ ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത അവർ ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഇടക്കാല സർക്കാറിന്റെ കാലാവധി 100 ദിവസം പൂർത്തിയാക്കുന്നവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ഇടക്കാല സർക്കാർ സ്വീകരിക്കും. ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കും. എല്ലാ കൊലപാതകങ്ങളിലും നീതി ഉറപ്പാക്കണം. ഇതിനൊപ്പം ശൈഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നു.

ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യമായ ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ മാത്രമല്ല ബംഗ്ലാദേശിലെ എല്ലാവരേയും സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. എല്ലാവരുമായും സഹകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ബംഗ്ലാദേശിൽ 19,000ത്തിലേറെ ദുർഗ പൂജ പന്തലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ശൈഖ് ഹസീനയെ ഉടൻ ബംഗ്ലാദേശിലേക്ക് എത്തിക്കാൻ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിൽ നിന്നുള്ള നിലപാട് മാറ്റമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.

ഹസീന സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾ ഉൾപ്പടെ 1500 പേർ കൊല്ലപ്പെട്ടുവെന്നാണ് യൂനുസിന്റെ വിലയിരുത്തൽ. 19,931 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എല്ലാ മരണം സംബന്ധിച്ചും സൂക്ഷ്മതയോടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നിരവധി ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 13 ആശുപത്രികൾ ധാക്കയിൽ തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് ശൈഖ് ഹസീനക്ക് രാജ്യം വിടേണ്ടി വന്നത്. തുടർന്ന് ആഗസ്റ്റ് അഞ്ചാം തീയതി അവർ ഇന്ത്യയിൽ എത്തിയിരുന്നു. ഡൽഹിക്ക് അടുത്തുള്ള ഹിൻഡൺ എയർബേസിലാണ് അവർ ലാൻഡ് ചെയ്തത്. പിന്നീട് അവർ രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.

Tags:    
News Summary - We ask India to sent back Sheikh Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.