പാർട്ടിക്ക് ചെലവഴിക്കാൻ പണമില്ല; ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വലിയ സാമ്പത്തിക പ്രതസിന്ധി നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പാർട്ടിക്ക് പണമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തിയ അദ്ദേഹം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാജ്യത്തിന്‍റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം ജനത്തോട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും തുല്യ അവസരമുണ്ടാകണം. എന്നാൽ, ബി.ജെ.പി സർക്കാർ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായനികുതിയുടെ പേരിൽ വലിയ പിഴ ചുമത്തുകയുമാണ്. സുപ്രീംകോടതി നിർദേശം നൽകിയിട്ടും ഇലക്ടറൽ ബോണ്ടുകൾ വഴി കിട്ടിയ ആയിരക്കണക്കിന് കോടികൾ വെളിപ്പെടുത്താൻ ബി.ജെ.പി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജനങ്ങൾ സംഭാവനയായി നൽകിയ പാർട്ടിയുടെ പണമാണ് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുന്നത്. ചെലവഴിക്കാൻ ഞങ്ങളുടെ കൈയിൽ പണമില്ല. അപ്പോഴും ഇലക്ടറൽ ബോണ്ടുകൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബി.ജെ.പി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത്’ -ഖാർഗെ പറഞ്ഞു.

കലബുറഗിയിൽ 2019ലെ തെറ്റ് തിരുത്താനും (ഇവിടെ ഖർഗെ പരാജയപ്പെട്ടിരുന്നു) കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനും ജനങ്ങൾ തീരുമാനിക്കണമെന്നും ഖർഗെ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി തള്ളിയിരുന്നു. 2018-19 ലെ നികുതി നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. 210 കോടി അടക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.

Tags:    
News Summary - We Don't Have Money To Spend": Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.