കോവിഡ് വൈറസിനൊപ്പം ജീവിക്കാൻ നാം പരിശീലിക്കണം: ആരോഗ്യവകുപ്പ്

ന്യൂഡൽഹി: കോവിഡ് വൈറസിനൊപ്പം ജീവിക്കാൻ ഇന്ത്യാക്കാർ പരിശീലിക്കണമെന്ന് ആരോഗ്യമന്ത്രാലയം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വ ശീലങ്ങൾ പാലിക്കുക തുടങ്ങിയ തുടർന്നും അനുസരിക്കുകയും അങ്ങനെ പുതിയ രീതിയിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ നാം ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. 

ജൂൺ ജൂലൈ മാസങ്ങളിൽ കോവിഡ് വൈറസ് രോഗബാധ വർധിക്കാൻ ഇടയുണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

അന്തർ സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവിനോടനുബന്ധിച്ച് ചില ഇളവുകൾ നൽകേണ്ടിയിരിക്കുന്നു. വൈറസിനൊപ്പം ജീവിക്കണമെങ്കിൽ നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തണം. രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് സമൂഹത്തിന്‍റെ പിന്തുണയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ലവ് അഗർവാൾ പറഞ്ഞു. 

ലോക്ഡൗൺ പിൻവലിച്ചാലും അതിനുമുൻപുള്ള അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്താൻ വലിയ സമയമെടുക്കും. സാധാരണ ജീവിതത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഫലപ്രദമാണെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. രാജ്യത്തെ 216 ജില്ലകളിൽ ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 42 ജില്ലകളിൽ 28 ദിവസത്തിനിടക്കും 29 ജില്ലകളിൽ 21 ദിവസത്തിനിടക്കും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 36 ജില്ലകളിൽ 14 ദിവസങ്ങളായും 46 ജില്ലകളിൽ ഏഴ് ദിവസങ്ങൾക്കിടക്കും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസമുണ്ടാക്കുന്ന വസ്തുതയാണ്. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് രോഗം വർധിക്കുന്നതായി റിപ്പോർട്ടുള്ളത്. ഇനി രോഗബാധ മൂർച്ഛിക്കുമോ എന്ന ചോദ്യത്തിന് ചെയ്യേണ്ടതും ചെയ്യരുത്താതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താൽ കോവിഡ് രോഗബാധ മൂർച്ഛിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

Tags:    
News Summary - We have to learn to live with covid- govt.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.