ന്യൂഡൽഹി: രാജ്യത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി എഴൂത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഞങ്ങൾക്ക് 2024 വരെ കാത്തിരിക്കാനാകില്ലെന്നും നേരന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇപ്പോഴെങ്കിലും മാറിനിൽക്കണമെന്നും അവർ അഭ്യർഥിച്ചു. ദേശീയ മാധ്യമമായ സ്ക്രോൾ ഇന്നിൽ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അവർ.
ഇന്ത്യക്ക് ഒരു സർക്കാറിനെ വേണമെന്ന് പറഞ്ഞ അവർ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന് പേർ ഇനിയും മരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കാനും പറഞ്ഞു.
'2024 വരെ ഞങ്ങൾക്ക് കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി നേരന്ദ്രമോദിയോട് ഒന്നിനുംവേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന് എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി, അത് ചെയ്യുന്നതിനേക്കാൾ ജയിലിൽ പോകുമായിരുന്നു. പക്ഷേ ഇന്ന്, ഞങ്ങളെല്ലാവരും വീടുകളിൽ മരിച്ചുവീഴുന്നു, തെരുവുകളിൽ, ആശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാൻ ദശലക്ഷകണക്കിന് എന്‍റെ സഹപൗരൻമാരുമായി ചേർന്നുപറയുന്നു ദയവായി മാറിനിൽക്കൂ. ഇപ്പോഴെങ്കിലും. ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്, ദയവായി സ്ഥാനമൊഴിയൂ' -അരുന്ധതി റോയ് പറയുന്നു.
നിങ്ങൾ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ആയിരകണക്കിന് പേർ ഇനിയും മരിച്ചുവീഴുമെന്നും അതിനാൽ സ്ഥാനമൊഴിയൂവെന്നും അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും ഓക്സിജൻ ക്ഷാമവും മറ്റു അസൗകര്യങ്ങളും മൂലം 3000ത്തിൽ അധികം പേരാണ് ദിവസവും മരണത്തിന് കീഴടങ്ങുന്നത്. ജനങ്ങൾ കൂട്ടമായി മരിച്ചുവീണിട്ടും കേന്ദ്രസർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരവധിപേർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.