ന്യൂഡൽഹി: റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാൻ അജണ്ടയും വീക്ഷണവും വേണമെന്നും അതിൽ സിവിൽ സമൂഹത്തിന് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മുമ്പ് ഉയർന്നു വന്ന അഴിമതി വിരുദ്ധ പ്രസ്ഥാനം പോെല ചുരുങ്ങിയത് ഒരു വിഷയം കേന്ദ്രീകരിച്ച് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ വെൽഫെയർ പാർട്ടി അഖിലേന്ത്യ കമ്മിറ്റി ''75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യ എന്ന ആശയം'' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ചർച്ചയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ. രാജ്യത്ത് തൊഴിലില്ലായ്മക്കെതിരായ പ്രസ്ഥാനത്തിനുള്ള സാധ്യതയുണ്ട്. ഇൗ വിഷയത്തിൽ എല്ലാവരും ഒന്നിക്കും. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും രാഷ്്ട്രീയപാർട്ടിയും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമമുണ്ടായിരുന്നു. അതിനാൽ സംഭാവന വാങ്ങിയ കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതിയും സുപ്രീംകോടതിയും ആവശ്യപ്പെട്ടു.
എന്നാൽ ഈ പാർട്ടികൾക്കെതിരെ നടപടിയെടുക്കുന്നതിനു പകരം നിയമം തന്നെ മുൻകാല പ്രാബല്യത്തിൽ മാറ്റുകയാണ് ചെയ്തത്. ഒരു കമ്പനിയും തങ്ങളുടെ ലാഭത്തിെൻറ ഏഴര ശതമാനത്തിലധികം രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന ചെയ്യാൻപാടില്ല എന്ന നിയമവും എടുത്തുകളഞ്ഞു. അങ്ങനെ മറ്റെല്ലാ പാർട്ടികൾക്കും കൂടി കിട്ടിയ മൊത്തം സംഭാവനയുടെ പത്തിരട്ടി പണം ബി.ജെ.പിയുടെ അക്കൗണ്ടിൽ മാത്രം വന്നു. അവരെ നേരിടാൻ വലിയ പ്രയാസമാണ്. 35 വർഷമായി സ്വതന്ത്രമായി നടന്ന തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നതിന് അനുസരിച്ച് മാത്രം തെരഞ്ഞെടുപ്പ് തീയതി പോലും നിശ്ചയിക്കുന്ന സാഹചര്യമുണ്ടായെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസ് അധ്യക്ഷത വഹിച്ചു. ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ, ലോക്രാജ് സംഘടൻ പ്രസിഡൻറ് രാഘവൻ ശ്രീനിവാസൻ, ഫ്രറ്റേണിറ്റി മൂവ്മെൻറ് അഖിലേന്ത്യ പ്രസിഡൻറ് ശംസീർ ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.