ഹൈദരാബാദ്: തെലങ്കാനയിൽ സത്കാരത്തിനിടെ വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിച്ചു. വധു നിസാമാബാദ് സ്വദേശിയും വരൻ ജഗ്തിയാൽ സ്വദേശിയുമായിരുന്നു. നവംബറിൽ വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം.
വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ അവരുടെ ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾക്കും വരന്റെ കുടുംബാംഗങ്ങൾക്കും പ്രത്യേകം മാംസ വിഭവങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ മട്ടൻ വിഭവം വിളമ്പാതിരുന്നതിനെ ചൊല്ലി വരന്റെ കുടുംബാംഗങ്ങൾ പ്രശ്നമുണ്ടാക്കി. വരന്റെ വീട്ടുകാർ ആ്വശ്യപ്പെട്ടിട്ടും ആട്ടിറച്ചിയും ആട്ടിൻകാൽ ഞെല്ലിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരുന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. മട്ടൻ ഞെല്ലി മെനുവിൽ ഇല്ല എന്ന് വധുവിന്റെ കുടുംബം അറിയിച്ചു. ഇരുകൂട്ടരും തമ്മിൽ ഇതെ ചൊല്ലി തർക്കമായി.
ഒടുവിൽ സംഭവം കൈയാങ്കളിയിലേക്ക് നീളുമെന്നായപ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹത്തിന് മട്ടൻ ഞെല്ലി വിളമ്പാതിരുന്നത് തങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് വരന്‍റെ വീട്ടുകാർ മധ്യസ്ഥ ചർച്ചയിൽ പറഞ്ഞു.എന്നാൽ മട്ടൻ ഞെല്ലി വേണമെന്ന കാര്യം തങ്ങളോട് നേരത്തെ പറഞ്ഞിരുന്നില്ലെന്നാണ് വധുവിന്‍റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽവെച്ചും തർക്കം മുറുകിയതോടെ ഇരുകൂട്ടരും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ബലഗാമിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വധുവിന്റെ വീട്ടിൽ അരങ്ങേറിയത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾ മട്ടൻ വിഭവത്തിന്റെ പേരിൽ കലഹിക്കുന്നതാണ് സിനിമയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.