മറ്റ് പാർട്ടികൾ ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ കോൺഗ്രസ് യാത്രയുടെ തിരക്കിൽ -രാഹുലിനെ പരിഹസിച്ച് മുതിർന്ന നേതാവ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ടൂറിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മറ്റ് പാർട്ടികൾ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ കോൺഗ്രസ് യാത്രയുടെ തിരക്കിലാണെന്നും അദ്ദേഹം വിമർശിച്ചു.

''കോൺഗ്രസ് പാർട്ടിക്ക് മിടുക്കരും സമർഥരുമായ കുറച്ച് നേതാക്കളുണ്ട്. അതേസമയം, എല്ലാ രാഷ്ട്രീയ പാർട്ടികളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലാണ്. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ മുഴുവൻ ആളുകളും രാഷ്ട്രീയ ടൂറിസത്തിലാണ്. അവർ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 2024ലെ തെരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാമെന്നല്ല അവരുടെ കണക്കുകൂട്ടൽ, അതിനു ശേഷമുള്ളതാണ് അവരുടെ മനസിൽ. ഇതു കാണുമ്പോൾ, നമ്മൾ 2029ലെ ലോക്സഭ തെര​ഞ്ഞെടുപ്പിനാണ് തയാറെടുക്കുന്നത് എന്ന് തോന്നും. 2024ലെ തെരഞ്ഞെടുപ്പിന് കൃത്യമായ തയാറെടുപ്പുകളോടെ പോയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.''- ​രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരി 14ന് മണിപ്പൂരിൽ നിന്ന് തുടങ്ങിയ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ബിഹാറിലെത്തി. ജെ.ഡി.യു നേതാവും മുഖ്യമ​ന്ത്രിയുമായിരുന്ന നിതീഷ് കുമാർ മുന്നണി വിട്ടതി​നെ തുടർന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങൾക്കു പിന്നാലെയാണ് രാഹുൽ ബിഹാറിലെത്തുന്നത്. നിതീഷ് കുമാറിന്റെ വിശ്വാസ്യത തന്നെ നഷ്ടമായി. കാരണം പുതിയ പ്രതിപക്ഷ സഖ്യത്തോടെ രാജ്യത്തെ ജനം വലിയ പ്രതീക്ഷയിലായിരുന്നു. അതാണ് നിതീഷ് കുമാറിന്റെ നടപടികളിലൂടെ ഇല്ലാതായതെന്നും അദ്ദേഹം വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും കോൺഗ്രസ് ഒറ്റക്ക് മത്സരിക്കണമെന്നും ആചാര്യ പ്രമോദ് കൃഷ്ണം അഭിപ്രായപ്പെട്ടു.

Tags:    
News Summary - We’re preparing for 2029 polls, not 2024, Congress leader slams Rahul Gandhi's Bharat Jodo Nyay Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.