രോഹിത് പവാർ

‘ബി.ജെ.പി പ്രവർത്തകർ അർധരാത്രി സ്ട്രോങ് റൂമിൽ കടക്കാൻ ശ്രമിച്ചു’; ആരോപണവുമായി എൻ.സി.പി നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എൻ.സി.പി (ശരദ് പവാർ) നേതാവ് രോഹിത് പവാർ രംഗത്ത്. സിറ്റിങ് എം.എൽ.എ കൂടിയായ രോഹിത് പവാർ ഇത്തവണയും ഇതേ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ രാം ഷിൻഡെയുടെ നേതൃത്വത്തിൽ മുപ്പത് പേരോളം വരുന്ന സംഘം സ്ട്രോങ് റൂമിലേക്ക് കടക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

“കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച അഹല്യാനഗറിലെ സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. എന്നാൽ സി.ആർ.പി.എഫും എൻ.സി.പി പ്രവർത്തകരും ചേർന്ന് ഈ ശ്രമത്തെ പരാജയപ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും അവർ ഞങ്ങളോട് മോശമായി പെരുമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പു കമീഷൻ ഇതിൽ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുടെ തെമ്മാടിത്തം അടുത്ത 24 മണിക്കൂറിനകം ജനാധിപത്യ രീതിയിൽ ജനം അവസാനിപ്പിക്കും” -രോഹിത് പവാർ എക്സിൽ കുറിച്ചു.

ബുധനാഴ്ചയാണ് മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ പ്രതിപക്ഷത്തെ മഹാവികാസ് അഘാഡി എക്സിറ്റ് പോളുകളെ തള്ളിയിട്ടുണ്ട്. എൻ.സി.പിയും ശിവസേനയും പിളർന്ന ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലയിൽ രാഷ്ട്രീയ നിരീക്ഷകർ പ്രത്യേക പ്രാധാന്യത്തോടെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്.

Tags:    
News Summary - Maharashtra polls: BJP mob tried to enter EVM strong room in Karjat-Jamkhed, attempt foiled, says Rohit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.