ട്രിപ്പടിക്കണം, ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാൻ ഐഫോൺ വാങ്ങണം; എട്ട് മാസമായ കുഞ്ഞിനെ രണ്ട് ലക്ഷം രൂപക്ക് വിറ്റ ദമ്പതികൾ അറസ്റ്റിൽ

കൊൽക്കത്ത: ട്രിപ്പ് പോകാനും പുതിയ ഐഫോൺ വാങ്ങാനും പണം കണ്ടെത്താനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. രണ്ട് ലക്ഷം രൂപക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചപ്പോഴാണ് വിവരം പുറത്തായത്. പശ്ചിമ ബംഗാളിലെ നോർത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ഒന്നര മാസം മുമ്പാണ് ഇവർ പെൺകുഞ്ഞിനെ രണ്ട് ലക്ഷം രൂപക്ക് വിറ്റത്. തുടർന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രചെയ്തു. റീൽസ് ചിത്രീകരിക്കാനായി പുതിയ ഐഫോണും വാങ്ങിച്ചു.

കുഞ്ഞിനെ ദിവസങ്ങളായി കാണാത്തത് അയൽക്കാർ ശ്രദ്ധിച്ചിരുന്നു. ദമ്പതികൾ സ്ഥിരം യാത്ര ചെയ്യുന്നതും വിലകൂടിയ ഫോൺ വാങ്ങിയതും ശ്രദ്ധയിൽപെട്ടു. തുടർന്നാണ് പൊലീസിൽ വിവരം നൽകിയത്.

പൊലീസ് ചോദ്യംചെയ്യലിൽ മാതാവ് സതി കുഞ്ഞിനെ വിറ്റ കാര്യം സമ്മതിച്ചു. യാത്ര ചെയ്യാനും ഐഫോൺ വാങ്ങി റീൽസ് ചെയ്യാനും പണം കണ്ടെത്തുന്നതിനായാണ് കുഞ്ഞിനെ വിറ്റതെന്ന് ഇവർ പറഞ്ഞു.

കുഞ്ഞിനെ സതിയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് തന്നോട് പറഞ്ഞതെന്ന് ജയദേവിന്‍റെ പിതാവ് പറഞ്ഞു. പിന്നീടാണ് ഇവർ വിറ്റതാണെന്ന കാര്യം അറിഞ്ഞത്. മകനും മരുകളും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.

കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കുഞ്ഞിനെ തിരിച്ചെടുക്കുകയും ചെയ്തു. 

Tags:    
News Summary - West Bengal couple sells baby to buy phone, travels across state for honeymoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.