കൊൽക്കത്ത: സാമുദായികസംഘർഷം നിലനിൽക്കുന്ന പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ബഷീറാത് സന്ദർശിക്കാനെത്തിയ ഇടത്, കോൺഗ്രസ്, ബി.ജെ.പി േനതാക്കളെ പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘർഷം നിലനിൽക്കുന്നതിനാൽ നേതാക്കൾ അവിടേക്ക് പോകുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു.
അശോക്നഗറിനടുത്താണ് തങ്ങളെ തടഞ്ഞതെന്നും കലാപത്തിൽ നാശനഷ്ടം നേരിട്ടവരെ സന്ദർശിക്കാനാണ് നേതാക്കൾ പോകുന്നതെന്നും ഇടതുമുന്നണി നിയമസഭപാർട്ടി നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. മുഹമ്മദ് സലിം എം.പിയുടെ നേതൃത്വത്തിലാണ് ഇടതുനേതാക്കൾ എത്തിയത്. വീണ്ടും സ്ഥലത്ത് എത്താനുള്ള ഇടതുനേതാക്കളുടെ ശ്രമം പൊലീസ് വിഫലമാക്കി.
പശ്ചിമ ബംഗാൾ പി.സി.സി പ്രസിഡൻറ് അദീർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബരാസത്തിലും രൂപ ഗാംഗുലി എം.പിയുടെ നേതൃത്വത്തിലെത്തിയ ബി.ജെ.പി സംഘത്തെ മൈക്കൽ നഗറിലുമാണ് തടഞ്ഞത്.
അതേസമയം, പൊലീസും അർധസൈനികവിഭാഗവും സംഘർഷബാധിത പ്രദേശത്ത് മാർച്ച് നടത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സംസ്ഥാനസർക്കാർ വൃത്തങ്ങൾ അറിയിച്ചു. കടകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. നാലുദിവസം മുമ്പ് തുടങ്ങിയ സംഘർഷം നിയന്ത്രണവിധേയമാണെന്ന് െഎ.ജി അനുജ് ശർമ പറഞ്ഞു. സ്ഥലത്ത് സുരക്ഷസേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷബാധിതപ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രീയപാർട്ടി നേതാക്കളോട് അഭ്യർഥിച്ചിരുന്നു. ഇത് വകവെക്കാതെയാണ് ഇടത്, കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ എത്തിയത്.
ഞായറാഴ്ച പ്ലസ് വൺ വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് സാമുദായികസംഘർഷം തുടങ്ങിയത്. സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ്ചെയ്തിരുന്നു. അക്രമാസക്തരായ ജനം വാഹനങ്ങൾ കത്തിക്കുകയും വീടുകൾക്കും കടകൾക്കും നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.