കേരളത്തിന്‍െറ കാര്യം തീരുമാനിച്ചാല്‍ പശ്ചിമഘട്ടം വിജ്ഞാപനമിറങ്ങും –കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള ശിപാര്‍ശകളില്‍ ഇളവ് തേടി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധോപദേശം തേടിയിരിക്കുകയാണെന്നും അത് ലഭിച്ച ശേഷമേ അന്തിമ വിജ്ഞാപനമിറക്കൂ എന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തമിഴ്നാട് അഭിപ്രായം അറിയിക്കാത്തതാണ് വിജ്ഞാപനം വൈകാന്‍ ഒരു കാരണം.  നേരത്തെയിറക്കിയ കരട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വരുന്ന ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കിയാണ് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത് പ്രായോഗികമല്ളെന്ന് മന്ത്രാലയം നേരത്തെതന്നെ അറിയിച്ചതാണ്.

വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ട്, സാക്കോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയോടാണ് കേരളത്തിന്‍െറ റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധോപദേശം തേടിയിരിക്കുന്നത്. ഇത് ലഭിച്ച ശേഷം കേരളത്തോട് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. അതല്ളെങ്കില്‍ കേരളത്തിന്‍െറ ഭാഗം കേള്‍ക്കാതെ നടപടിയെടുത്തുവെന്ന പരാതി വരും.

ഇതെല്ലാം പൂര്‍ത്തിയാക്കി മാര്‍ച്ച് നാലിനകം വിജ്ഞാപനത്തിന്‍െറ നടപടി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പശ്ചിമഘട്ടം സംരക്ഷണത്തിന് അന്തിമ വിജ്ഞാപനമിറക്കുന്നതില്‍ കേരളത്തിന്‍െറ നിലപാടും തടസ്സമാണെന്ന് വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇത് രണ്ടാം തവണയാണ് പശ്ചിമഘട്ടം സംരക്ഷണത്തിന് കേന്ദ്രം കരടുണ്ടാക്കുന്നത്. കേരളത്തില്‍ വനസാന്ദ്രതയും ജനസാന്ദ്രതയും വളരെ കൂടുതലായതിനാല്‍ ജനങ്ങള്‍ക്ക് ദ്രോഹകരമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ നേരത്തേ മന്ത്രി ദവേയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ വനം 21 ശതമാനം മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 29 ശതമാനമാണെന്നും അതേസമയം സംസ്ഥാനത്തിന്‍െറ 51 ശതമാനം ഭൂപ്രദേശത്തും പച്ചപ്പ് നിലനിര്‍ത്തുന്നത് കര്‍ഷകരാണെന്നുമാണ് കേരളത്തിന്‍െറ വാദം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ കൃഷി നടത്തുകയും ജീവിതരീതി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന ജനമാണ് കേരളത്തിലുള്ളതെന്നും അതിനാല്‍ ജണ്ട കെട്ടി തിരിച്ച വനഭാഗങ്ങളെ മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാവൂ എന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.

 

Tags:    
News Summary - western ghats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.