ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലും സംഭവിക്കാം -കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

ന്യൂദൽഹി: പുറത്തുനിന്ന് നോക്കിയാൽ എല്ലാം സാധാരണമാണെന്ന് തോന്നുമെങ്കിലും ബംഗ്ലാദേശിന് സമാനമായ സർക്കാർ വിരുദ്ധ ​പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. അക്കാദമിഷ്യനായ മുജീബുർ റഹ്മാ​ന്‍റെ ‘ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്’ എന്ന പുസ്തകത്തി​ന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

പുറംലോകത്തുനിന്ന് നോക്കിയാൽ കശ്മീരിൽ എല്ലാം സാധാരണമാണെന്ന് തോന്നാം. ഇവിടെ എല്ലാം സാധാരണമായി കാണപ്പെടാം. ഒരുപക്ഷെ, നമ്മൾ വിജയം ആഘോഷിച്ചേക്കാം. അതിനായി നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. ഈ കാണുന്ന ഉപരിതലത്തിനു താഴെ എന്തൊക്കെയോ ഉണ്ടെന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാം. എന്നാൽ നമ്മുടെ രാജ്യത്തി​ന്‍റെ വ്യാപനമാണ് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഷ്ട്രീയ ജനതാദൾ എം.പി മനോജ് ഝാ ഷഹീൻ ബാഗിനെക്കുറിച്ച് പറഞ്ഞു. ഷഹീൻ ബാഗ് പ്രക്ഷോഭം എന്താണെന്ന് ഓർക്കുക. പാർലമെന്‍റ് പരാജയപ്പെട്ടപ്പോൾ തെരുവുകൾ സജീവമായി.പുതിയ പൗരത്വ നിയമത്തിനെതിരെ തെക്കുകിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകൾ നേതൃത്വം നൽകിയ  പ്രതിഷേധം 100 ദിവസത്തോളം തുടരുകയും രാജ്യത്തുടനീളം സമാനമായ പ്രതിഷേധങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തുവെന്നും അദ്ദേഹം വിശദമാക്കി.

എന്നാൽ, ഷഹീൻ ബാഗ് പ്രക്ഷോഭം വിജയിച്ചു​വെന്ന ഝായുടെ പരാമർശം ഖുർഷിദ് തിരുത്തി. പ്രതിഷേധത്തി​ന്‍റെ ഭാഗമായിരുന്ന പലരും ജയിലിൽ കഴിയുന്നതിനാൽ പ്രക്ഷോഭം പരാജയപ്പെട്ടുവെന്നായിരുന്നു ഖുർഷിദി​ന്‍റെ അഭിപ്രായം. ‘ഷഹീൻ ബാഗ് പരാജയപ്പെട്ടെന്ന എ​ന്‍റെ അഭിപ്രായത്തിൽ നിങ്ങൾക്ക് വിരോധമുണ്ടോ? ഷഹീൻ ബാഗ് വിജയിച്ചെന്നാണ് നമ്മളിൽ പലരും കരുതുന്നത്. ആ പ്രതിഷേധവുമായി ബന്ധപ്പെട്ട ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. അവരിൽ എത്ര പേർ ഇപ്പോഴും ജയിലിലുണ്ടെന്നും എത്രയാളുകളെ രാജ്യത്തി​ന്‍റെ ശത്രുവായി മുദ്രകുത്തിയെന്നും ഖുർഷിദ് ഝായോട് ചോദിച്ചു. പ്രതിഷേധക്കാർ ശരിക്കും ദുരിതം അനുഭവിച്ചതിനാൽ ഇനിയൊരു ഷഹീൻ ബാഗ് ആവർത്തിക്കുമോയെന്ന് തനിക്കുറപ്പില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

Tags:    
News Summary - What is happening in Bangladesh can happen here: Salman Khurshid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.