'വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് ഞങ്ങളുടെ തെറ്റല്ല'; കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പിൻവാങ്ങലിൽ പരിഹാസവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഇൻഡോർ: തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ നിന്നും കോൺ​ഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങിയതിൽ പരിഹാസവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് തങ്ങളുടെ പാർട്ടിയുടെ തെറ്റല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാനം ദിവസമായ ഏപ്രിൽ 29നായിരുന്നു കോൺ​ഗ്രസ് നേതാവ് അക്ഷയ് കാന്തി ബം തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങിയത്. പിന്നാലെ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.

" കോൺ​ഗ്രസ് പറയുന്നു ഇൻഡോർ ബി.ജെ.പി കുതന്ത്രങ്ങൾ പയറ്റിയെന്ന്. എന്താണ് ഞങ്ങളുടെ തെറ്റ്? ഇത് കല്യാണത്തിന് ​ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിച്ച ശേഷം വരൻ ഒളിച്ചോടുന്നത് പോലെയാണ്. ഒരാളുടെ കുട്ടി വീട്ടിൽ

നിന്ന് ഒളിച്ചോടിയാൽ അത് ആരുടെ തെറ്റാണ്? നിങ്ങളുടെ കുട്ടികളാണ് അവർ. അവരെ സംരക്ഷിക്കേണ്ടത് നിങ്ങളാണ്," അദ്ദേഹം പറഞ്ഞു.

ഇൻഡോറിൽ സ്ഥാനാർത്ഥിയില്ലാതായതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. ഇത് ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാമനിർദേശ പത്രിക പിൻവലിച്ച് പാർട്ടി സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നത് ഇൻഡോറിൽ കോൺ​ഗ്രസിന് കടുത്ത തിരിച്ചടിയായി. കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കൽ പോലും ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. എന്നാൽ, ഇതാദ്യമായാണ് കോൺഗ്രസിന് സ്ഥാനാർഥിയെ പോലും നിർത്താനാവാത്ത സ്ഥിതി വരുന്നത്. സിറ്റിങ് എം.പിയായ ശങ്കർ ലാവ്നിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. പാർട്ടി ചിഹ്നത്തിൽ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെയാണ് നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്. ബി.ജെ.പി സ്ഥാനാർഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുർബലരാണെന്നാണ് വിലയിരുത്തൽ. ഇതും നോട്ടക്ക് വോട്ട് നൽകാനുള്ള ആഹ്വാനം ചെയ്യാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - What is our fault if groom flees before marriage: MP CM on Cong candidate's withdrawal in Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.