പട്ന: പ്രധാനമന്ത്രിയാകാൻ ഏറ്റവും മികച്ചയാൾ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നും ജനം അത് ആഗ്രഹിക്കുന്നുണ്ടെന്നും ജെ.ഡി.യു നേതാവും ബിഹാർ നിയമസഭാംഗവുമായ ഖാലിദ് അൻവർ. രാജ്യത്തെക്കുറിച്ച് നിതീഷിന് നല്ല ധാരണയുണ്ട്. കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ കാർഷിക മേഖലയുടെ പുരോഗതിക്കായി അദ്ദേഹം നൽകിയ മാർഗനിർദേശമാണ് ഇപ്പോഴും പിന്തുടരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ കൂടിയിട്ടുണ്ടെന്നും ഖാലിദ് അൻവർ പറഞ്ഞു.
“നിതീഷ് കുമാറിനേക്കാൾ മികച്ച പ്രധാനമന്ത്രിയാകാൻ ആർക്കാവും? അദ്ദേഹം വലിയ അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാരനാണ്. രാജ്യത്തെയും സമൂഹത്തെയും അദ്ദേഹത്തെപ്പോലെ മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരാളില്ല. ബിഹാറിനെ അദ്ദേഹം മുന്നോട്ടുനയിച്ച രീതി നോക്കൂ. മാത്രമല്ല, കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ കാർഷിക മേഖലയുടെ പുരോഗതിക്കായി അദ്ദേഹം നൽകിയ മാർഗനിർദേശമാണ് ഇപ്പോഴും പിന്തുടരുന്നത്. നിലവിൽ ഞങ്ങൾ എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമാണ്. നിതീഷിനെ പ്രധാനമന്ത്രിയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പു ഫലം വന്നശേഷം ജനങ്ങളുടെ പ്രതീക്ഷ കൂടിയിരിക്കുന്നു” -ഖാലിദ് പറഞ്ഞു.
അതേസമയം പൊതു തെരഞ്ഞെടുപ്പിൽ 12 സീറ്റ് നേടിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി.യു നിലവിൽ എൻ.ഡി.എ സഖ്യത്തോടൊപ്പമാണെങ്കിലും സഖ്യത്തിൽ ഉറച്ചുനിൽക്കുമോയെന്നതിൽ ബി.ജെ.പിക്കും ഉറപ്പില്ല. ഇൻഡ്യ സഖ്യം നിതീഷിനെ വിളിച്ച് പിന്തുണ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ എൻ.ഡി.എയുടെയും ഇൻഡ്യയുടെയും നിർണായക യോഗങ്ങൾ നടക്കും. നിതീഷ് ഡൽഹിയിലേക്ക് പുറപ്പെട്ട സാഹചര്യത്തിൽ നിർണായക നീക്കങ്ങൾക്ക് കാത്തിരിക്കുകയാണ് രാജ്യതലസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.