മണിപ്പൂരിൽ നിന്ന് കൂടുതൽ ഹൃദയഭേദകമായ വാർത്തകൾ പുറത്തുവരുന്നു. ഇത്തവണ പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന്‍റെ ഓൺലൈൻ പോർട്ടലായ മോജോ സ്റ്റോറിയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട് മോർച്ചറിയിൽ വച്ചിരിക്കുന്ന പെൺമക്കളുടെ മൃതദേഹം പോലും തിരിച്ചെടുക്കാനാകുന്നില്ല എന്നാണ് മാതാപിതാക്കൾ വിലപിക്കുന്നത്. മൃതദേഹം തിരിച്ചെടുക്കാൻ പോയാൽ തങ്ങളും കൊല്ലപ്പെടും എന്നാണ് കൊല്ലപ്പെട്ട പെൺകുട്ടികളുടെ പിതാവും മാതാവും പറയുന്നത്.
മണിപ്പൂരിലെ കാങ്‌പോപി ഏരിയയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൂന്ന് മാസമായി പെൺകുട്ടികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് മാതാവും പിതാവും. മെയ് 4 ന്, ഇന്ത്യയെ ഞെട്ടിച്ച വൈറൽ വീഡിയോ ആക്രമണത്തിന്റെ അതേ ദിവസം, സംസ്ഥാനത്ത് മറ്റൊരിടത്ത് കാർ വാഷ് ജീവനക്കാരായ രണ്ട് യുവതികൾ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മണിപ്പൂർ ഭരണകൂടത്തിൽ നിന്ന് ആരും ഇരകളുടെ ബന്ധുക്കളെ ഫോൺ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ അവരുടെ പെൺമക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കുകയോ ചെയ്തിട്ടില്ല. ഒരു യുവതിയുടെ പിതാവിനെയും മറ്റൊരു യുവതിയുടെ മാതാവിനേയുമാണ് ബർഖ ദത്ത് ഇന്‍റർവ്യൂ ചെയ്യുന്നത്. ഇംഫാലിൽനിന്ന് മണിക്കൂറുകൾ മാത്രമേ ആശുപത്രിയിലേക്ക് ഉള്ളൂവെങ്കിലും തങ്ങൾക്ക് അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇരുവരും പറയുന്നു. ‘നമ്മൾ അങ്ങനെ ചെയ്താൽ, അവർ നമ്മളെ കൊല്ലുംൻ എന്നാണിവർ പറയുന്നത്.
മണിപ്പൂർ സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനത്ത് സ്ഥിതിഗതികളിൽ മാറ്റം വന്നിട്ടില്ല എന്നാണ് പുതിയ വാർത്തകൾ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.